അബൂദബി: യു.എ.ഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണങ്ങൾ പൂർണ്ണ സേവനം ആരംഭിക്കുന്നതിന് മുമ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ഐനിൽ ആരംഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.ഈ വർഷം മൂന്നാം പാദത്തിന്റെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും. വർഷങ്ങളായി യു.എ.ഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ജി.സി.എ.എ) തങ്ങൾ പ്രവർത്തിക്കുകയാണെന്നും, ജി.സി.എ.എ ഒരു നിയന്ത്രണ പാത രൂപപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് പറഞ്ഞ അദ്ദേഹം, അബൂദബിയിൽ കൊണ്ടുവരുന്നതിനു മുമ്പ് അൽ ഐനിൽ ആദ്യം പറക്കാൻ തുടങ്ങുമെന്നും ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്‌സ്റ്റൈൻ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.അബൂദബി അഡ്‌നെക് എക്സിബിഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിന്റെ നാലാമത് പതിപ്പിന്റെ ഭാഗമായി സംസാരിക്കുക യായിരുന്നു ഗോൾഡ്‌സ്റ്റീൻ.ഹെലികോപ്റ്റർ, ഇ-വിടിഒഎൽ വിമാന പ്രവർത്തനങ്ങൾക്കായി അബൂദബി ക്രൂയിസ് ടെർമിനൽ ഹെലിപാഡിനെ ഒരു ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റുന്നതിനുള്ള ആർച്ചറിന്റെ രൂപകൽപ്പനയ്ക്ക് ജി.സി.എ.എ അംഗീകാരം നൽകിയിട്ടുണ്ട്.