ദുബായ്: യു എ ഇ യിൽ സ്വദേശിവൽക്കരണ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് ജൂലൈ ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യമേഖല കമ്പനികൾഈ വർഷം ആദ്യ പകുതിയിലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ജൂൺ 30 നകം കൈവരിക്കണമെന്നാണ് നിർദേശം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.ഇമറാത്തി ജീവനക്കാരെ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ രജിസ്റ്റർ ചെയ്യുന്നതും ആവശ്യമായ വിഹിതം സമയബന്ധിതമായി നൽകുന്നതും ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ വ്യവസ്ഥകൾ കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പരിശോധിക്കും. വൈദഗ്ധ്യമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തിൽ കുറഞ്ഞത് 1 ശതമാനം വർദ്ധന കൈവരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്ഥാപനങ്ങൾ ഇമറാത്തി ജീവനക്കാരുടെ എണ്ണം പ്രതിവർഷം 2 ശതമാനം എന്ന തോതിൽ വർദ്ധിപ്പിക്കണം.
വർഷത്തിന്റെ ആദ്യ പകുതിയിൽ 1 ശതമാനവും രണ്ടാം പകുതിയിൽ 1 ശതമാനവും എന്ന രീതിയിലാണ് വർദ്ധന നടപ്പാക്കേണ്ടത്. ഇത് പ്രകാരം കമ്പനികൾ ജൂൺ 30-നകം വൈദഗ്ധ്യമുള്ള തസ്തികകളിൽ 7 ശതമാനവും ഡിസംബർ 31-നകം 8 ശതമാനവും സ്വദേശിവൽക്കരണ നിരക്കിൽ എത്തണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ജോലി നൽകാത്ത ഓരോ ഇമിറാത്തിയുടെയും പേരിൽ ആയിരക്കണക്കിന് ദിർഹം വീതം പിഴ നൽകേണ്ടി വരും