ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികക്ക് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അംഗീകരിച്ചതായാണ് സൂചന. ഇതിൽ പാലക്കാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂർ എന്നിവ ഒഴികെയുള്ള 19 സിറ്റിങ് സീറ്റുകൾ ഉൾപ്പെടുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് സിറ്റിങ് എം.എൽ.എമാർ പട്ടികയിൽ ഇല്ല
നിലവിലെ എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ. ബാബു, എൽദോസ് കുന്നപ്പള്ളി എന്നിവർ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നിലവിലെ എം.പിമാർ ആരും ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.
പട്ടിക ഉടൻ
രണ്ടുദിവസത്തിനുള്ളിൽ ഔദ്യോഗിക പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യോഗത്തിന് ശേഷം പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സാഹചര്യം വിലയിരുത്തിയാണ് പട്ടിക പുറത്തുവിടുകയെന്ന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ ഊഹാപോഹങ്ങളാണെന്നും, അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ സമീപിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഷാഫി പറമ്പിൽ എം.പി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണം തള്ളിക്കളഞ്ഞു.
പ്രതികരണവുമായി കെ.പി.സി.സി
പട്ടികയിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.








































