ദുബായ് : നിലവിലെ ഇസ്‌റാഈൽ-ഇറാൻ സംഘർഷങ്ങൾ മൂലം ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യു.എ.ഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഭൂരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചു വരികയും വ്യോമ യാത്രാ റൂട്ടുകളെയും ഷെഡ്യൂളുകളെയും അത് തടസ്സപ്പെടുത്തുകയും ചെയ്തതിനാലാണ് എമർജൻസി എയർപോർട്ട് റെസ്പോൺസ് ആരംഭിച്ചത്.”യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ സേവന നിലവാരം സംരക്ഷിക്കാനും സമീപ കാല സംഭവ വികാസങ്ങളുടെ ആഘാതം നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചു”വെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ പ്രവർത്തനം നിലനിർത്താൻ സമഗ്രമായ ഒരു ബിസിനസ് തുടർച്ചാ പദ്ധതി ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.എ.സി.പി) സ്ഥിരീകരിച്ചു.
തടസ്സങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും എല്ലാ പ്രധാന അനുബന്ധ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി.