ഷാർജ∙ ഷാർജ പൊലീസ് 2024ൽ ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച ജനപ്രീതി നേടിയതായി റിപ്പോർട്ട്. 97.8% ആണ് ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക്. നൂതനമായ സേവന സംവിധാനങ്ങളിലൂടെയും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും ജീവിതനിലവാരം ഉയർത്താനും സന്തോഷം ഉറപ്പാക്കാനുമുള്ള ഷാർജ പൊലീസിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ അംഗീകാരമാണിത്.ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും അധികൃതർ അറിയിച്ചു. 2023 നെ അപേക്ഷിച്ച് 2024 ൽ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം 12.69% വർധിച്ച് 84.37% ആയി ഉയർന്നു. എല്ലാ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിനും 24 മണിക്കൂറും ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനം ഒരുക്കുന്നതിലുമുള്ള ശ്രദ്ധേയമായ മുന്നേറ്റമാണിത്. സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ എളുപ്പത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുന്ന ഈ സംവിധാനം ഉപയോക്താക്കൾക്ക് മികച്ച അനുഭവമാണ് നൽകുന്നത് എന്ന് സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ എക്സലൻസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. സമിഹ് ഖമീസ് അൽ ഹിലിയാൻ അഭിപ്രായപ്പെട്ടു.ഉപയോക്തൃ സേവന കേന്ദ്രങ്ങളുടെ കാര്യക്ഷമതയും അദ്ദേഹം എടുത്തുപറഞ്ഞു. ശരാശരി സേവന വിതരണ സമയം 59 സെക്കൻഡും, കാത്തിരിപ്പ് സമയം 33 സെക്കൻഡിൽ താഴെയും നിലനിർത്താൻ സാധിച്ചിട്ടുണ്ട്. 2024 ൽ 1,339,906 ഇടപാടുകളാണ് പൂർത്തീകരിച്ചത്. ജീവനക്കാരുടെ കാര്യക്ഷമതയും പെട്ടെന്നുള്ള പ്രതികരണവും ലളിതമായ സേവനരീതിയും ഇതിന് പിന്നിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.