ദുബായ് : ചുരുങ്ങിയ കാലയളവിനകം ഇന്ത്യയിൽ ബിസിനസ് മേഖലയിൽ ശ്രദ്ധേയ സ്ഥാനം നേടിയ റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനം ഗൾഫ് വിപണിയിലേക്കും വ്യാപിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം ഡിവിഷന്റെ പുതിയ ബ്രാഞ്ച് 2025ജൂലൈയിൽ ദുബൈയിൽ പ്രവർത്തനമാരംഭിക്കുന്നതോടെയാണ്
ഗ്രൂപ് ഗൾഫ് വിപണിയിലേയ്ക്ക് ചുവടു വയ്ക്കുന്നത്. ഇതിലൂടെ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വിപുലീകരണത്തിലെ ആദ്യ ഘട്ടം ഔപചാരികമായി തുടങ്ങുകയാണെന്ന് ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്ത് അറിയിച്ചു. യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും വിപണി സാധ്യതകൾക്ക് നൽകിയ സൂക്ഷ്മമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
2020ൽ കോവിഡ് കാലഘട്ടത്തിൽ തുടങ്ങിയ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, ചെറിയ കാലം കൊണ്ടു തന്നെ ആകർഷക വളർച്ച കൈവരിച്ചു കഴിഞ്ഞു. കളമശേരിയിൽ നിന്നാണ് തുടക്കം. തുടർന്ന്, ദക്ഷിണേന്ത്യ, ഒഡിഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ വ്യാപിച്ചു. 2030ഓടെ 1,000 ശാഖകൾ തുറക്കുകയും, 2040നകം സ്മോൾ ഫിനാൻസ് ബാങ്കായി മാറുകയും ചെയ്യുന്നത് ഗ്രൂപ്പിന്റെ ദീർഘ കാല ലക്ഷ്യമാണെന്നും അദ്ദേഹം ദുബൈയിൽ വ്യക്തമാക്കി. 2024ല്‍ രൂപം കൊണ്ട റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇതിനകം തന്നെ വേറിട്ട വിദേശ പാക്കേജുകളിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് യാത്രികരാണ് സേവനം പ്രയോജനപ്പെടുത്തിയത്. 2025ല്‍ ആലുവയില്‍ രണ്ടാമത്ത ശാഖ തുടങ്ങിയതിനു പിന്നാലെയാണ് ഇപ്പോള്‍ ദുബൈയിലും ശാഖ തുറക്കുന്നതെന്ന് ജോര്‍ജ് ജോണ്‍ പറഞ്ഞു.
റിച്ച്മാക്‌സ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ് വാലത്ത് ജ്വല്ലേഴ്സ്. 2028ഓടെ പബ്ലിക് ലിമിറ്റഡ് കമ്പനിയാകാനാണ് ശ്രമം. കളമശേരി, ആലുവ റോഡ്, കാഞ്ഞൂർ എന്നിവിടങ്ങളിലായി നിലവിൽ പ്രവർത്തനമുണ്ട്. മധ്യ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പുതിയ ഷോറൂമുകൾ കൂടി രൂപീകരിക്കുന്നതിനുള്ള പദ്ധതി നടപ്പിലായി വരികയാണ്. വാലത്ത് ജ്വല്ലേഴ്സിന്റെ ദുബൈ ശാഖ ഉടൻ തന്നെ തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മാർക്കറ്റിംഗ് ആൻഡ് കൺസൽട്ടൻസി മേഖലയിലേയ്ക്ക് റിച്ച്മാക്‌സ് മാർക്കറ്റിംഗ് ആൻഡ് കൺസൽട്ടൻസി ഇതിനകം പ്രവേശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിനുള്ളിലും പുറം സ്ഥാപനങ്ങൾക്കും ബിസിനസ് മാർഗനിർദേശങ്ങൾ നൽകുന്ന സ്ഥാപനമാണിത്.
റിച്ച്മാക്‌സ് ഗ്രൂപ് സാമൂഹിക ഉത്തരവാദിത്വത്തിനും (സി.എസ്.ആർ) വലിയ പ്രാധാന്യം നൽകുന്നു. ‘സ്പര്‍ശ്’ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പുകൾ, വനിതാ ശക്തീകരണ പദ്ധതികൾ, വിദ്യ ജ്യോതി പുരസ്കാരങ്ങൾ എന്നിവ നടപ്പിലാക്കി വരുന്നു.
2024ൽ 1,200 വൃക്ഷ തൈകൾ നട്ടത് പരിസ്ഥിതി സംരക്ഷണത്തിലെ പ്രതിബദ്ധതയെയാണ് പ്രകടമാക്കുന്നത്. “ഞാനുമുണ്ട് ലഹരിക്കെതിരെ” ക്യാമ്പയിനിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബോധവത്കരിച്ചു. സ്ത്രീ സംരക്ഷണത്തിനായുള്ള “ബിന്ദിയ മിഷൻ” മാതൃകാപരമാണ്. മികച്ച അക്കാദമിക നേട്ടങ്ങൾക്കായാണ് ‘വിദ്യ ജ്യോതി’ പുരസ്കാരം നൽകുന്നത്.