ദുബായ് :ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.ദുബായ് –കോഴിക്കോട്, കോഴിക്കോട് –ദുബായ്, കണ്ണൂർ– ദുബായ്, ദുബായ്– കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും. മറ്റു സ്വകാര്യ സർവീസുകൾ കൂടി ചേർക്കുന്നതോടെ ഇത് 50 കടക്കും. ഇതോടെ നൂറുകണക്കിനു യാത്രക്കാരാണു പ്രതിസന്ധിയിലായത്.അഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനത്തിന്റെ സുരക്ഷാ പരിശോധനയുടെ പേരിൽ കേരളത്തിലേക്കുള്ള 40 സർവീസ് ഉൾപ്പെടെ ഇന്ത്യയിലേക്കു മൊത്തം 87 വിമാന സർവീസുകൾ റദ്ദാക്കിയതിനു പുറമേയാണിത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്കു ബദൽ സംവിധാനമൊരുക്കാൻ എയർലൈനുകൾക്കായിട്ടില്ല.

അതുകൊണ്ടുതന്നെ സേവനം സാധാരണ നിലയിലാകാൻ ആഴ്ചകൾ എടുക്കുമെന്നാണു ട്രാവൽ രംഗത്തുള്ളവർ നൽകുന്ന സൂചന. യുഎഇയിൽ മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ വിമാനങ്ങളിലെ സീറ്റുകളെല്ലാം തീർന്നതിനാൽ റദ്ദാക്കിയ വിമാനങ്ങളിലെയാത്രക്കാരെയും ഉൾക്കൊള്ളാനാകാത്ത സ്ഥിതിയാണ്. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാതെ വരുമ്പോൾ ഇതേ സെക്ടറിലേക്കുള്ള കണക്‌ഷൻ വിമാനത്തിലോ മറ്റു സെക്ടറുകളിലേക്കോ ടിക്കറ്റ് നൽകാനാണ് എയർലൈനുകൾ ശ്രമിക്കുന്നത്. ഇതിനു താൽപര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകാനോ മറ്റൊരു ദിവസത്തേക്ക് അധിക തുക ഈടാക്കാതെ റീ ബുക്ക് ചെയ്യാനോ അവസരമൊരുക്കി.

റദ്ദാക്കിയ വിമാനങ്ങളിലുള്ളവരുടെ യാത്ര ഒന്നു മുതൽ 6 ദിവസം വരെ വൈകാമെന്നും സൂചിപ്പിച്ചു. യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് ചില എയർലൈനുകൾ ഭക്ഷണം നൽകി. വീസ കാലാവധി കഴിഞ്ഞവരാണ് വിമാനത്താവളത്തിൽ തങ്ങിയത്.മറ്റുള്ളവരോട് വീട്ടിലേക്കു മടങ്ങാനും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കു തിരിച്ചെത്താനുമായിരുന്നു നിർദേശം. ഇതേസമയം ചില എയർലൈനുകൾ സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കാതിരുന്നതു പ്രതിഷേധത്തിന് ഇടയാക്കി.

സർവീസ് റദ്ദാക്കിയ എയർലൈനുകളുടെ വെബ്സൈറ്റിൽ നിർദേശിച്ച പ്ലാൻ ബി പ്രവർത്തനരഹിതമായതോടെ റീ ബുക്കിങ് ചെയ്യാനാവാതെ പലരും കുടുങ്ങി. പലർക്കും റീഫണ്ട് ആവശ്യപ്പെടുക മാത്രമായിരുന്നു പോംവഴി.
എന്നാൽ, മാസങ്ങൾക്കു മുൻപ് കുറഞ്ഞ തുകയ്ക്ക് ടിക്കറ്റെടുത്തവർക്ക് അതിന്റെ നാലിരട്ടി കൊടുത്താൽ പോലും സീറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇത്തരം സന്ദർഭങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.