ഷാർജ: എമിറേറ്റിലെ സിക്‌സ്‌ത്ത് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം അതിവേഗം നിയന്ത്രണവിധേയമാക്കി. ഷാർജ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ ഇടപെടലിലൂടെ തീ പൂർണമായും അണക്കാൻ സാധിച്ചതായി ഷാർജ മീഡിയ ഓഫിസ് അറിയിച്ചു. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല.
ഉച്ചയ്ക്ക് 1.20ഓടെയാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ തീപിടിത്ത വിവരം ലഭിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് തീ അണക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. 20 മിനിറ്റിനുള്ളിൽ, 1.44ഓടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഷാർജ മീഡിയ ഓഫിസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.









































