ദുബായ് ∙ റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി അനാച്ഛാദനം ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ സങ്കേതത്തിലെത്തുന്ന സന്ദർശകരുടെ എണ്ണം നിലവിലുള്ളതിന്റെ ആറിരട്ടിയായി വർധിച്ച് പ്രതിവർഷം 250,000 നും 300,000 നും ഇടയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 650 ദശലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള കരാർ നൽകിക്കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയാകും.ദുബായ് നഗരഹൃദയത്തിന് സമീപം സ്ഥിതി ചെയ്യുന്ന റാസൽ ഖോർ വന്യജീവി സങ്കേതം ഉപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, തടാകങ്ങൾ എന്നിവയുടെ സമ്പന്നമായ സംയോജനമാണ്. ബേർഡ് ലൈഫ് ഇന്റർനാഷനൽ ഒരു ആഗോള പ്രാധാന്യമുള്ള പക്ഷി മേഖലയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. 450-ലേറെ സസ്യജന്തുജാലങ്ങൾക്ക് ആവാസകേന്ദ്രമായ ഇത് പ്രാദേശിക ജൈവവൈവിധ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു.സന്ദർശകർക്ക് പക്ഷികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിരീക്ഷിക്കാൻ സങ്കേതത്തിന്റെ ചുറ്റളവിൽ ഒട്ടേറെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഫ്ലമിംഗോ ഹൈഡിൽ നിന്ന് ഗ്രേറ്റർ ഫ്ലമിങ്ങോകളെയും, കണ്ടൽ ഹൈഡിൽ നിന്ന് ഗ്രേ ഹെറോൺസ്, സ്പൂൺബിൽസ്, കിങ്ഫിഷറുകൾ, കൂടാതെ ഓസ്പ്രെ എന്നിവയെയും കാണാൻ സാധിക്കും.വികസന പദ്ധതിയുടെ ആദ്യഘട്ടത്തിൽ, സങ്കേതത്തിലെ ജലസംഭരണികളുടെ വിസ്തീർണം 144% വർധിപ്പിച്ച് മൊത്തം 74 ഹെക്ടറായി വികസിപ്പിക്കുമെന്ന് മുനിസിപാലിറ്റി അറിയിച്ചു. ഇത് സങ്കേതത്തിന്റെ പ്രകൃതിഭംഗി വർധിപ്പിക്കുക മാത്രമല്ല, കാർബൺഡൈയോക്സൈഡ് ആഗിരണം 60% വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന പാരിസ്ഥിതിക നേട്ടങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, 10 ഹെക്ടർ ചെളിനിലങ്ങളും (ഉപ്പ് നിലങ്ങൾ) കൂട്ടിച്ചേർക്കുന്നതോടെ സങ്കേതത്തിന്റെ ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും കാര്യമായ സംഭാവന നൽകും. ഈ ചെളിനിലങ്ങൾ ദേശാടന പക്ഷികൾക്ക് നിർണായകമായ ആഹാര കേന്ദ്രങ്ങൾ നൽകുകയും വിവിധതരം സമുദ്ര സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ രണ്ടാം ഘട്ടം ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും തദ്ദേശീയ സസ്യങ്ങൾ നടുന്നതിനും കൂടുതൽ വന്യജീവികളെ ആകർഷിക്കുന്നതിനായി സ്വാഭാവിക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇത് നഗരത്തിനുള്ളിലെ ഒരു പ്രധാന പാരിസ്ഥിതിക, വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ സങ്കേതത്തിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സന്ദർശകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടപ്പാതകൾ, പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസപരമായ ബോർഡുകൾ എന്നിവ നവീകരിക്കും. ഇത് പൊതുജനങ്ങൾക്ക് സങ്കേതം ആകർഷകവും സുസ്ഥിരവുമായ രീതിയിൽ പര്യവേക്ഷണം ചെയ്യാൻ ഉറപ്പാക്കും.