ദുബായ്: കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് നിറം പകരാൻ ദുബായ് താമസ കുടിയേറ്റ വകുപ്പ് (GDRFA) ‘യംഗ് മർച്ചന്റ്’ എന്നൊരു വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചു. വകുപ്പിന്റെ പ്രധാന ഓഫീസ് ഹാൾ ഇപ്പോൾ ഒരു കൊച്ചു മിനി-മാർക്കറ്റായി മാറ്റിയിരിക്കുകയാണ്.ഇവിടെ കുരുന്നുകൾക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിക്കുന്നു.വർണ്ണാഭമായ ഉൽപ്പന്നങ്ങളുമായി കുട്ടി കച്ചവടക്കാർ നിറഞ്ഞ ഈ വിപണനമേള ജൂലൈ 3 വരെ തുടരും . വകുപ്പ് ജീവനക്കാരുടെ 5 മുതൽ 15 വയസ്സുവരെയുള്ള 30 കുട്ടികളാണ് ഈ സംരംഭത്തിൽ പങ്കെടുക്കുന്നത് .
കുട്ടികൾക്ക് സാമ്പത്തിക അറിവ്, വിപണന തന്ത്രങ്ങൾ, ഉപഭോക്താക്കളുമായി സംവദിക്കാനുള്ള കഴിവ് എന്നിവയെല്ലാം സ്വായത്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. “കമ്മ്യൂണിറ്റി വർഷത്തോട് അനുബന്ധിച്ച്, കുടുംബങ്ങൾക്കും സമൂഹത്തിനും ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം,വകുപ്പ് അറിയിച്ചു. “നാളത്തെ ലോകം കെട്ടിപ്പടുക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”ഇവിടെ ഓരോ കുട്ടിക്കും സ്വന്തമായി ഒരു സ്റ്റാൾ ഒരുക്കാനും, തങ്ങളുടെ ഉൽപ്പന്നങ്ങൾ ആകർഷകമായി അവതരിപ്പിക്കാനും, സന്ദർശകരുമായി സന്തോഷത്തോടെ സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നു. ഒരു കൊച്ചു ബിസിനസുകാരന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അവർ ഏറ്റെടുക്കുന്നു. ഇത് അവരുടെ സർഗ്ഗാത്മകതയെയും പ്രായോഗിക ബുദ്ധിയെയും ഉണർത്തുന്ന ഒരു പ്രോത്സാഹകമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു

മികച്ച ‘കുഞ്ഞു വ്യാപാരികൾക്ക്’ പുരസ്കാരങ്ങൾ
പരിപാടിയുടെ അവസാന ദിവസം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണ ശൈലി എന്നിവയെല്ലാം പരിഗണിച്ച് ഏറ്റവും മികച്ച ‘കുഞ്ഞു വ്യാപാരികൾക്ക്’ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.”കുട്ടികളുടെ കഴിവുകളിലേക്കും അവരുടെ കുഞ്ഞുമനസ്സുകളിലേക്കും നടത്തുന്ന നിക്ഷേപം, അത് ദുബായുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത്തരം സംരംഭങ്ങളിലൂടെ, അവരുടെ ഹൃദയങ്ങളിൽ സംരംഭകത്വത്തിന്റെ കൊച്ചു വിത്തുകൾ പാകാൻ നമുക്ക് സാധിക്കുന്നു.”ദുബായിയുടെ ഭാവി വാഗ്ദാനങ്ങളായ ഈ കുരുന്നുകൾക്ക് മികച്ച സംരംഭകരായി വളരാൻ ഇത്തരം അവസരങ്ങൾ വഴിയൊരുക്കുമെന്ന് അൽ മർറി കൂട്ടിച്ചേർത്തു .