അബൂദബി: യു.എ.ഇയിലെ അപകട രഹിത വേനൽ കാംപയിനുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അപകടങ്ങൾ സൂചിപ്പിച്ചുള്ള 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് അബൂദബി പൊലിസ് പുറത്തിറക്കി.
ആദ്യ അപകടത്തിൽ, ഒരു വെളുത്ത സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്.യു.വി) അതിവേഗ പാതയിൽ ഓടുന്നത് കാണാം. മുന്നിലെ നിശ്ചലമായ വാഹനങ്ങളുടെ നീണ്ട നിര ഡ്രൈവർ ശ്രദ്ധിക്കുന്നില്ല.
അവസാന നിമിഷം ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. പക്ഷേ, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടതിനാൽ മുന്നിലുള്ള എസ്.യു.വിയിൽ ഇടിച്ചു കയറി നിൽക്കുന്നു.രണ്ടാമത്തെ അപകടം അതിലും ഭയാനകമായതായിരുന്നു. വേഗത്തിലെത്തിയ ഒരു കറുത്ത എസ്.യു.വി ആദ്യ രണ്ട് ലെയ്‌നുകളിൽ നിർത്തിയ വാഹനങ്ങളെ കാണുന്നില്ല. കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കാനായി ഡ്രൈവർ ഫാസ്റ്റ് ലെയ്‌നിൽ നിന്ന് രണ്ടാമത്തെ ലെയ്‌നിലേക്ക് മാറി. രണ്ടാമത്തെ ലെയ്‌നിൽ മറ്റൊരു എസ്.യു.വിയിൽ ഇടിക്കുന്നു. ആഘാതം വളരെ ഗുരുതരമായിരുന്നു. ഇടിച്ച വാഹനം മറിഞ്ഞു വീണു. അതേസമയം, ശ്രദ്ധ തെറ്റിയ ഡ്രൈവറുടെ എസ്.യു.വി റോഡിന്റെ വലതു വശത്തുള്ള സുരക്ഷാ റെയിലിംഗിൽ ഇടിച്ച ശേഷം ഒടുവിൽ നിർത്തി.
സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനും, ആളുകളെ വിളിക്കാനും, ഫോട്ടോ എടുക്കാനും ഗുരുതര ട്രാഫിക് അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മറ്റ് പെരുമാറ്റങ്ങൾക്കും ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്ന ശ്രദ്ധ തെറ്റുന്നതിനാലുള്ള അപകടങ്ങളെക്കുറിച്ച് അബൂദബി പൊലിസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.ഇത്തരം ലംഘനങ്ങളിൽ 800 ദിർഹം പിഴയും ലംഘകരുടെ ഡ്രൈവിംഗ് റെക്കോഡിൽ നാല് ബ്ലാക്ക് പോയിന്റുകളും നേരിടേണ്ടി വരുമെന്ന് ട്രാഫിക് പൊലിസ് അധികൃതർ വ്യക്തമാക്കി.