അജ്മാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ സംരംഭങ്ങളുടെ ഭാഗമായി, അജ്മാൻ പൊലിസുമായി സഹകരിച്ച്, അൽ ഹീലിയോ പ്രദേശത്ത് ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി അജ്മാൻ മുനിസിപ്പാലിറ്റി & പ്ലാനിംഗ് വകുപ്പ് ഉദ്ഘാടനം ചെയ്തു. 2.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് 63 മില്യൺ ദിർഹമാണ് ചെലവ്.എമിറേറ്റിലെ ജനസംഖ്യയ്ക്കും നഗര വളർച്ചയ്ക്കും അനുസൃതമായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ കൈവരിക്കാനുള്ള അജ്മാൻ സർക്കാരിന്റെ പ്രതിബദ്ധതയും സമർപ്പണവും ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയർത്താനും വിവിധ പ്രദേശങ്ങളിലുടനീളം സമഗ്രവും സുസ്ഥിരവുമായ വികസനത്തെ പിന്തുണയ്ക്കാനും ഇത് സംഭാവന ചെയ്യുന്നു.സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘അജ്മാൻ വിഷൻ-2030’ന്റെ ലക്ഷ്യങ്ങളുമായി യോജിച്ച്, എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണീ പദ്ധതി.