അബൂദബി: റോഡിൽ യാത്ര ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഒന്ന് ‘സ്ലോ’ ചെയ്ത് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ‘കൗതുക’ത്തിന്റെ ഭാഗമായി പുറത്തേക്ക് നോക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വെറും കൗതുകത്തിന്റെ പേരിൽ 3,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. വാഹനം കണ്ടു കെട്ടലും ബ്ലാക്ക് പോയിന്റും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ പിന്നാലെ വരും .റോഡിൽ ഒരു അപകടം സംഭവിക്കുമ്പോൾ, സംഭവത്തിൽ ഉൾപ്പെടാത്തവർ വാഹനം നിർത്തുകയോ സ്പീഡ് കുറയ്ക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്താൽ ആംബുലൻസ് വാഹനങ്ങൾ വൈകാനും അപകടത്തിൽ പെട്ടവരുടെ ജീവൻ നഷ്ടപ്പെടാനും ഇടയായേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.യു.എ.ഇ ആഭ്യന്തര മന്ത്രാലയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം അപകട സ്ഥലത്ത് ഗതാഗത തടസ്സമുണ്ടാക്കിയതിന് 630 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അബൂദബിയിൽ 87, ദുബൈയിൽ 411, ഷാർജയിൽ 71, അജ്മാനിൽ 4, റാസൽഖൈമയിൽ 30, ഉമ്മുൽ ഖുവൈനിൽ 27 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള കണക്ക്.
യു.എ.ഇ ട്രാഫിക് നിയമനുസരിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നതിന് സാധാരണ രീതിയിൽ
500 ദിർഹമാണ് പിഴ.എന്നാൽ, അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, ആംബുലൻസുകൾ, പൊലിസ് വാഹനങ്ങൾ, ഔദ്യോഗിക വാഹന വ്യൂഹങ്ങൾ എന്നിവയ്ക്ക് വഴി നൽകാതിരിക്കുന്നത് ഗുരുതര നിയമ ലംഘനമാണ്.ഇത്തരം ലംഘനങ്ങൾക്ക് 3,000 ദിർഹം പിഴയും 30 ദിവസത്തെ വാഹനം കണ്ടുകെട്ടലും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള ട്രാഫിക് വകുപ്പുകൾ ഡ്രൈവർമാർക്കെതിരെ ഇത്തരം 325 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തരവാദ ഡ്രൈവിങ്ങ് പ്രോത്സാഹിപ്പിക്കാനാനായി ‘മടിക്കാതെ ഉടൻ വഴി നൽകുക’ എന്ന പേരിൽ അബൂദബി പൊലിസ് ഒരു കാംപയിൻ ആരംഭിച്ചിട്ടുണ്ട്.വ്യത്യസ്ത സാഹചര്യങ്ങളിൽ പാലിക്കേണ്ട ആറ് മാർഗ നിർദേശങ്ങൾ ഇവയാണ്:പ്രധാന റോഡുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ ഇടത് പാതയാണ് ഉപയോഗിക്കുന്നത്. അത്തരം വാഹനങ്ങൾ വരുമ്പോൾ ഡ്രൈവർമാർ ഉടൻ തന്നെ വലത് പാതയിലേക്ക് നീങ്ങണം.
ഗതാഗതക്കുരുക്കിൽ ഡ്രൈവർമാർ റോഡ് ഷോൾഡർ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. അടിയന്തര വാഹനങ്ങൾക്ക് അതിലൂടെ കടന്നു പോകാനുള്ളതാണ്.
ഉൾ വഴികളിൽ പ്രത്യേകിച്ചും, ഷോൾഡറുകൾ ഇല്ലാത്ത റോഡുകളിൽ ലൈനുകൾക്കിടയിൽ വലത്തോട്ടോ ഇടത്തോട്ടോ നീങ്ങി അടിയന്തര വാഹനങ്ങൾക്ക് വഴി നൽകണം.
ജങ്ഷനുകളിൽ പച്ച സിഗ്നലുള്ള വശങ്ങളിലെ റോഡുകളിലെ വാഹനങ്ങൾ പൂർണമായും നിർത്തി അടിയന്തര വാഹനങ്ങൾ കടന്നു പോകുന്നതു വരെ കാത്തിരിക്കണം.
റൗണ്ട് എബൗട്ടുകളിൽ അടിയന്തര വാഹനങ്ങൾ ശ്രദ്ധാപൂർവം പ്രവേശിച്ച് അവയുടെ യാത്ര തുടരും. മറ്റ് വാഹനങ്ങൾ അടിയന്തര വാഹനം വരുമ്പോൾ റൗണ്ട് എബൗട്ടിൽ പ്രവേശിക്കാതെ വഴിമാറുകയും അതിന് വഴിയൊരുക്കുകയും വേണം. റൗണ്ട് എബൗട്ടിനുള്ളിൽ ഇതിനകം ഉള്ള വാഹനങ്ങൾ മുന്നോട്ട് നീങ്ങുകയും എത്രയും വേഗം വലതു വശത്ത് ഇടം നൽകുകയും വേണം.
ഇരു ദിശകളിലേക്കും ഒറ്റവരി പാതയുള്ള റോഡുകളിൽ അടിയന്തര വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്കിടയിലൂടെ റോഡിന്റെ മധ്യത്തിലൂടെ സഞ്ചരിക്കണം. മുന്നിലുള്ള വാഹനങ്ങൾ ഷോൾഡറിൽ കൂടി വാഹനമോടിക്കാതെ കഴിയുന്നത്ര വലത്തേക്ക് നീങ്ങണം.