ദുബായ് : ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിനായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സെൽഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യകൾ വിലയിരുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ)യുടെ ഉന്നത തല സാങ്കേതിക പ്രതിനിധി സംഘം ചൈനയിൽ സമഗ്രമായ ഫീൽഡ് ടെസ്റ്റുകളുടെ പരമ്പര പൂർത്തിയാക്കി.ഗ്വാങ്ഷൂ, സിയാൻ, ഗുയാങ്, സുഷൗ എന്നിവിടങ്ങളിൽ നടത്തിയ വിലയിരുത്തലുകൾ, 3 മില്യൺ ഡോളർ മൊത്തം പദ്ധതിത്തുക വാഗ്ദാനം ചെയ്യുന്ന ചലഞ്ചിന്റെ നാലാം പതിപ്പിനായുള്ള കർശന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. 2030 ആകുമ്പോഴേക്കും എമിറേറ്റിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്മാർട്ട്, ഓട്ടോണമസ് ആക്കി മാറ്റുക എന്ന ദുബൈയിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ കീഴിലുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പരിപാടി.
പങ്കെടുക്കുന്ന കൺസോർഷ്യയുടെ സാങ്കേതിക സന്നദ്ധതയും യഥാർത്ഥ ലോക ശേഷികളും വിലയിരുത്തുന്നതിനാണ് ഈ ദൗത്യം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി സി.ഇ.ഒയും ചലഞ്ചിന്റെ സംഘാടക സമിതി ചെയർമാനുമായ അഹമ്മദ് ഹാഷെം ബഹ്റൂസിയൻ പറഞ്ഞു.
“സ്വയംഭരണ വാഹനങ്ങളുടെ ഒരു ശ്രേണിയുടെ പ്രകടനം, സുരക്ഷാ സവിശേഷതകൾ, സാങ്കേതിക പക്വത എന്നിവ പരീക്ഷിക്കുന്നതിലാണ് ഞങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിൽ റോബോ ടാക്സിസ്, റോബോ ബസുകൾ, ഓട്ടോണമസ് ബോട്ടുകൾ, ഒരു ലോജിസ്റ്റിക് വാഹനം എന്നിവ ഉൾപ്പെടുന്നു. എല്ലാം യഥാർത്ഥവും സിമുലേറ്റഡുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു” -ബഹ്റൂസിയൻ പറഞ്ഞു.
എഫ്.ഇ.വി കൺസൾട്ടിംഗിലെ ആഗോള വിദഗ്ധരായ ആർതർ ഡി. ലിറ്റിൽ, ചലഞ്ചിന്റെ ഉപദേശക ജൂറി അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെ ആർ.ടി.എ ടീം മൂന്ന് വിഭാഗങ്ങളിലായി വിലയിരുത്തലുകൾ നടത്തി.

സ്റ്റാൻഡ് സ്റ്റിൽ ടെസ്റ്റുകൾ
ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, സെൻസർ ശ്രേണി, സുരക്ഷാ പ്രോട്ടോക്കോളുകൾ, മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനം തുടങ്ങിയ സ്റ്റേഷണറി സിസ്റ്റം പ്രകടനം ഇതിൽ ഉൾപ്പെടുന്നു.
മിക്സഡ് ട്രാഫിക് ടെസ്റ്റുകൾ
പൊതു റോഡുകളിലും ജലപാതകളിലും വാഹനങ്ങൾ പരീക്ഷിച്ച് തത്സമയ ഗതാഗതവുമായി പൊരുത്തപ്പെടൽ, വേഗ നിയന്ത്രണം, റൗണ്ട് എബൗട്ട് നാവിഗേഷൻ, കാൽ നടയാത്രക്കാരുമായും മറ്റ് ഉപയോക്താക്കളുമായും ഇടപഴകൽ എന്നിവ വിലയിരുത്താൻ ആയാണ് മിക്സഡ് ട്രാഫിക് ടെസ്റ്റുകൾ.
സമഗ്ര സാഹചര്യ പരിശോധനകൾ
നിയന്ത്രിത പരിത:സ്ഥിതികളിൽ നടത്തിയ ഈ പരീക്ഷണങ്ങൾ, സ്റ്റോപ്പ് ആൻഡ് ഗോ പ്രവർത്തനങ്ങൾ, റിമോട്ട് ഹാൻഡ്ലിംഗ്, എൻഡ് ടു എൻഡ് പാസഞ്ചർ യാത്രകൾ തുടങ്ങിയ നിർദിഷ്ട സാഹചര്യങ്ങളെ അനുകരിച്ചു.അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും ആർ.ടി.എയുടെ ചലഞ്ച് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യതയുള്ള ഉപകരണങ്ങളും പ്രകടന മാനദണ്ഡങ്ങളും ഉപയോഗിച്ച് ഓരോ വാഹനവും സമഗ്ര പരീക്ഷണങ്ങൾക്ക് വിധേയമായി.
മൊബിലിറ്റി ഇന്നൊവേഷൻ
ദീർഘ കാല പങ്കാളിത്തവും സാങ്കേതിക വിനിമയവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളായ കമ്പനികളുടെ ആസ്ഥാനം, ഗവേഷണ-വികസന കേന്ദ്രങ്ങൾ, നിർമാണ സൗകര്യങ്ങൾ, പ്രവർത്തന കേന്ദ്രങ്ങൾ എന്നിവയുടെ ടൂറുകളും സന്ദർശനത്തിൽ ഉൾപ്പെടുന്നു.സ്വയംഭരണ ഗതാഗതത്തിന്റെ മുൻനിരയിൽ നിൽക്കാനുള്ള ദുബൈയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. ആഗോള ഇന്നോവേറ്റർമാരുമായി നേരിട്ട് ഇടപഴകുന്നതിലൂടെ മികച്ച സാങ്കേതികവിദ്യകൾ വിലയിരുത്തുക മാത്രമല്ല, ഭാവി സഹകരണത്തിനുള്ള അടിത്തറയിടുകയും ചെയ്യുന്നുവെന്നും ബഹ്റൂസിയൻ കൂട്ടിച്ചേർത്തു.

ഗ്ലോബൽ സെൽഫ് ഡ്രൈവിംഗ് കോൺഗ്രസ്
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കുന്ന ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് 2025നൊപ്പം ഈ ചലഞ്ച് നടക്കുന്നു.’പാത്ത് റ്റു ഓട്ടോണോമസ്’ എന്ന വിഷയത്തിൽ നടക്കുന്ന ഈ കോൺഗ്രസ്, ദുബൈയെ നവീകരണത്തിനുള്ള ഒരു കേന്ദ്രമായി സ്ഥാപിക്കുന്നതാകും. നയരൂപകർത്താക്കൾ, ടെക് ഡെവലപർമാർ, ഗവേഷകർ, ആഗോള ബുദ്ധിജീവികൾ എന്നിവർ പങ്കെടുക്കുന്നതാണ്.നഗര മൊബിലിറ്റി പുനർനിർവചിക്കാനും കൂടുതൽ സുസ്ഥിരവും മികച്ചതുമായ ഗതാഗത ആവാസ വ്യവസ്ഥയിലേക്കുള്ള ആഗോള പരിവർത്തനത്തിന് നേതൃത്വം നൽകാനുമുള്ള ദുബൈയുടെ അഭിലാഷത്തെ ഈ പരിപാടി അടിവരയിടുന്നു.