ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് (33) നാട്ടിൽ അന്ത്യവിശ്രമം ഒരുക്കും. ഒന്നര വയസുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു . ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനമുണ്ടായത്.ബുധനാഴ്ച കോൺസുലേറ്റ് അധികൃതരുടെ മധ്യസ്ഥതയിൽ വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും ഭർത്താവ് നിതീഷിന്‍റെ ബന്ധുക്കളുമാണ് ചർച്ച നടത്തിയത്. കുട്ടിയെ യുഎഇയിൽ സംസ്കരിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നിതീഷ് തയാറായില്ലെന്നാണ് വിവരം. നിതീഷിന് അനുകൂലമായ കോടതി ഉത്തരവുള്ളതും മൃതദേഹം ഏറെ നാൾ ഫോറൻസിക് ലാബിൽ വയ്ക്കുന്നതിലെ അനൗചിത്യം കോൺസുലേറ്റ് കണക്കിലെടുത്തതും കുട്ടിയുടെ സംസ്കാരം യുഎഇയിൽ നടത്തുന്നതിലേക്ക് തീരുമാനത്തെ എത്തിച്ചു.വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് അമ്മയും സഹോദരനും യുഎഇയിലെത്തിയത്. അതിന് അനുമതി തേടി വിപഞ്ചികയുടെ അമ്മ ഷൈലജ യുഎഇ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യുഎഇ നിയമപ്രകാരം പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. ഇതോടെ കോടതി ഉത്തരവ് നിതീഷിന് അനുകൂലമാകുകയും ചെയ്തു.ജൂലൈ എട്ടിനാണ് ദുബായിയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനെജരായിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരേ വിപഞ്ചിക ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളുമാക്കി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.