ദുബായ് ∙ സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമാണെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ ലെറ്ററാണു നിയമനത്തിന്റെ ആദ്യ പടി. അടുത്ത പടിയായി സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കണം. തൊഴിലാളിക്കു മന്ത്രാലയത്തിന്റെ വർക്ക് പെർമിറ്റും നിർബന്ധമാണ്. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടു മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാറാണു മറ്റൊരു പ്രധാന തൊഴിൽ രേഖ. പ്രാഥമിക തൊഴിൽ വാഗ്ദാനങ്ങൾക്കു സ്ഥിരീകരണം ലഭിക്കണമെങ്കിൽ തൊഴിൽ കരാർ പൂർത്തിയാക്കണം. ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും കരാറിൽ രേഖപ്പെടുത്തേണ്ടത് ഓഫർ ലെറ്റർ അടിസ്ഥാനമാക്കിയാകണമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലേക്കു തൊഴിൽ തേടി എത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
താൽക്കാലികമായി ലഭിക്കുന്ന ജോലിയോ സന്ദർശക വീസയിൽ ലഭിക്കുന്ന ജോലിയോ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ളതല്ല. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാതെയുള്ള ഒരു നിയമനത്തിനും രാജ്യത്തു സാധുതയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ലഭിക്കുന്ന നിയമനങ്ങൾ പലപ്പോഴും തൊഴിൽ തട്ടിപ്പിലാണു കലാശിക്കുക. ഈ സാഹചര്യത്തിലാണു രാജ്യത്തിനകത്തു നിന്നുള്ള നിയമനമായാലും വിദേശ രാജ്യങ്ങളിൽ നിന്നു പുതിയ വീസയിൽ നിയമിക്കുകയാണെങ്കിലും ഓഫർ ലെറ്റർ നിയമം പാലിക്കണമെന്ന നിർദേശം വന്നത്. മന്ത്രാലയ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല. ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയാലും കുറയാൻ പാടില്ല. കുറഞ്ഞാൽ തൊഴിൽ കരാറിന് അംഗീകാരം ലഭിക്കില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്നു വ്യക്തമായാൽ പരാതിപ്പെടണം. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാം.
തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ താൽക്കാലിക ആശ്വാസമാകുന്ന തൊഴിൽ രഹിത ഇൻഷുറൻസ് പദ്ധതിയിലും തൊഴിലാളി ഭാഗമായിരിക്കണം. ആരോഗ്യ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിൽ തൊഴിലാളിയെ കൊണ്ടുവരേണ്ട ബാധ്യതയും തൊഴിലുടമയുടെതാണ്. തുടർന്നു വീസയും യുഎഇ ഐഡി കാർഡും ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.മന്ത്രാലയ കോൾ സെന്റർ നമ്പർ 600590000 ലൂടെ പരാതിപ്പെടാം. കൂടാതെ മന്ത്രാലയ ആപ്, വെബ് സൈറ്റ് വഴിയും പരാതി നൽകാം