വഡോദര: പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തി.
ലോക്സഭയിൽ നടത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ അമേരിക്കയെക്കുറിച്ച് പരാമർശം പോലും ഇല്ലാത്തത് ബോധപൂർവമാണെന്നും, നരേന്ദ്ര മോദി “നൂറ് ശതമാനവും ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന്” രാഹുൽ ഗാന്ധി ആരോപിച്ചു. വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“25 മിനിറ്റ് സംസാരിച്ചിട്ടും യു.എസ്.നെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഒരു സംവാദത്തിന് പോലും പ്രധാനമന്ത്രി തയ്യാറല്ല. അമേരിക്കക്കെതിരെ ഒന്നും പറയാൻ അദ്ദേഹത്തിന് കഴിയില്ല, കാരണം അദ്ദേഹം പൂർണമായും ട്രംപിന്റെ നിയന്ത്രണത്തിലാണ്,” എന്ന് രാഹുൽ വിമർശിച്ചു.
അമേരിക്കയുമായി നടത്തുന്ന വ്യാപാര കരാറുകൾ ഇന്ത്യൻ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇന്ത്യയിൽ ചെറുകിട കർഷകർ അധ്വാനിച്ച് കൃഷി ചെയ്യുമ്പോൾ അമേരിക്കയിൽ യന്ത്രവത്കൃത കൃഷിയാണ്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിറഞ്ഞാൽ നമ്മുടെ കർഷകർ പ്രതിസന്ധിയിലാകും,” രാഹുൽ പറഞ്ഞു.
ആദിവാസികളെ “കാട്ടുവാസി” എന്ന് വിളിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി നിലപാടിനെയും അദ്ദേഹം വിമർശിച്ചു. “ആദിവാസികൾ ഈ മണ്ണിന്റെ യഥാർഥ അവകാശികളാണ്. ‘കാട്ടുവാസി’ എന്ന പ്രയോഗം അവരുടെ നിലപാട് ചെറുതാക്കുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും, ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള വിതരണ ശൃംഖലയിൽ തടസ്സം വരാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.















































