അബൂദബി: മീഡിയവണിന്റെ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമായ ‘വൺസ്റ്റോറി’ക്ക് തുടക്കമായി. അബൂദബിയിൽ നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ എം.എ. യൂസഫലി വൺസ്റ്റോറിയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ഗൾഫിലെ വിവിധ തുറകകളിൽ മികവ് തെളിയിച്ചവരുടെ വേറിട്ട കഥകളുമായാണ് വൺസ്റ്റോറി ശ്രോതാക്കളിലേക്ക് എത്തുക. വേറിട്ട വ്യക്തിത്വങ്ങളുടെ ജീവിതവും നിലപാടുകളും അടയാളപ്പെടുത്തുന്നതാകും വൺസ്റ്റോറി. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി എം.സി.എ നാസറാണ് വൺസ്റ്റോറിയുടെ അവതാരകൻ. അബൂദബിയിൽ നടന്ന ചടങ്ങിൽ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മീഡിയാവണിന്റെ പുതിയ ഉദ്യമത്തിന് അദ്ദേഹം ആശംസകൾ നേർന്നു.

മീഡിയാവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സ്വവ്വാബ് അലി, മീഡിയാ സൊലൂഷൻസ് റീജ്യനൽ ഹെഡ് ഷഫ്നാസ് അനസ് എന്നിവർ സംബന്ധിച്ചു.യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗിൾ പോഡ്കാസ്റ്റ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ‘ വൺ സ്റ്റോറി’ ഈ മാസാവസാനം മുതൽ ലഭ്യമാകും.