ദുബായ്: കുട്ടികൾക്ക് അവിസ്മരണീയമായൊരു യാത്രാനുഭവം സമ്മാനിച്ചുകൊണ്ട്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) കുട്ടികളുടെ പ്രത്യേക പാസ്പോർട്ട് കൗണ്ടറുകൾ വൻ വിജയമായി . 2023 ഏപ്രിൽ 19 -ന് ടെർമിനൽ 3-ൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ അറൈവൽ ഭാഗത്തേക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനോടകം ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രത്യേക കൗണ്ടറുകളിലൂടെ കടന്നുപോയത്. കുട്ടികൾക്കായി ലോകത്തെ ആദ്യത്തെ സമർപ്പിത ഇമിഗ്രേഷൻ കൗണ്ടർ ജി ഡി ആർ എഫ് എ – ദുബായ് മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് കുരുന്നുകൾക്ക് തുറന്നു കൊടുത്തത്. .നാല് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പാസ്പോർട്ട് കൗണ്ടറുകൾ,ആകർഷകവും കുട്ടികൾക്കിണങ്ങിയതുമായ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ എല്ലാവർക്കും പ്രത്യേകിച്ച് ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കും സുരക്ഷിതവും ആസ്വാദ്യകരുമായ അന്തരീക്ഷം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരത്തിലുള്ള കൗണ്ടറുകൾ.സാധാരണ പാസ്പോർട്ട് നടപടിക്രമങ്ങളുടെ വിരസത ഒഴിവാക്കി, കുട്ടികൾക്ക് ആവേശകരമായൊരു അനുഭവം പകരുന്ന നിരവധി സവിശേഷതകൾ ഈ കൗണ്ടറുകൾക്കുണ്ട്.
പ്രധാന സവിശേഷതകൾ
സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനുള്ള അവസരം: കുട്ടികൾക്ക് സ്വന്തമായി അവരുടെ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ഇവിടെ അവസരം ലഭിക്കുന്നു. ഇത് അവർക്ക് ഒരു സവിശേഷമായ യാത്രാനുഭവം നൽകുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു. ബാലസൗഹൃദ കാർട്ടൂൺ കഥാപാത്രങ്ങൾ: എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച ബാലസൗഹൃദ കാർട്ടൂൺ കഥാപാത്രങ്ങളായ ‘സാലമും’, ‘സലാമയും’ വിശേഷാവസരങ്ങളിൽ കുട്ടികളെ സ്വാഗതം ചെയ്യാൻ ഇവിടെയുണ്ടാകും. ഇത് കുട്ടികളിൽ സന്തോഷവും ഊഷ്മളതയും നിറയ്ക്കുന്നു. ആകർഷകമായ ഫ്ലോർ സ്റ്റിക്കറുകൾ: കുട്ടികൾക്കിണങ്ങിയ ഫ്ലോർ സ്റ്റിക്കറുകൾ ഓരോ ചുവടുകളെയും ആവേശകരമായ സാഹസിക യാത്രയാക്കി മാറ്റുന്നു.

മാതാപിതാക്കൾക്കും പ്രവേശനം:കുട്ടികളോടൊപ്പമുള്ള മാതാപിതാക്കൾക്കും ഈ കൗണ്ടറുകളിലൂടെ അവരുടെ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ സാധിക്കുന്നതാണ്.
ബഹിരാകാശ തീം അലങ്കാരങ്ങൾ: ഈ പ്രത്യേക കൗണ്ടറുകൾ ബഹിരാകാശ തീമിലുള്ള അലങ്കാരങ്ങളാൽ ആകർഷകമാണ്. ഫ്ലോർ സ്റ്റിക്കറുകൾ പതിച്ച പ്രത്യേക ഗേറ്റിലൂടെയും ഇടനാഴിയിലൂടെയുമാണ് കുട്ടികളെ കൗണ്ടറുകളിലേക്ക് നയിക്കുന്നത്.

പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ: ഇവിടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പാസ്പോർട്ട് നടപടിക്രമങ്ങളെക്കുറിച്ച് കളിയായി പഠിപ്പിക്കുകയും ചെയ്യും.
ദുബായ് വിമാനത്താവളത്തിലെ ഈ വേറിട്ട സംരംഭം, യാത്രയെ കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുകയും, എയർപോർട്ട് നടപടിക്രമങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന ഒരു മികച്ച മാതൃകയായി മാറുകയാണ്.
ദുബായിൽ കുട്ടികൾക്കായി പ്രത്യേക കോൾ സെന്റർ
കുട്ടികളുടെ യാത്ര നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആരംഭിച്ച പ്രത്യേക കോൾ സെന്ററിനും മികച്ച സീകാര്യത . ദുബായ് വിമാനത്താവളങ്ങളിലെ കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകളുടെ വിജയകരമായ തുടർച്ചയായാണ് ഈ സേവനം ഒരുക്കിയത്. യുവ യാത്രികരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് അധികൃതരുമായി സംവദിക്കാനും അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ജി ഡി ആർ എഫ് എ ഈ പ്രത്യേക സർവീസ് ആരംഭിച്ചത്.
ആമർ കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 8005111 (യുഎഇയ്ക്കുള്ളിൽ നിന്ന്) അല്ലെങ്കിൽ +97143139999 (യുഎഇയ്ക്ക് പുറത്തുനിന്ന്) വഴിയാണ് ഈ പ്രത്യേക ലൈൻ കുട്ടികൾക്ക് ലഭ്യമാകുന്നത്. കുട്ടികൾക്കുള്ള ലൈനിലേക്ക് വിളിക്കുന്നവർക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ ലഭിക്കാൻ 3-ഉം അറബിയിൽ വിവരങ്ങൾ ലഭിക്കാൻ 4-ഉം ഡയൽ ചെയ്യണം. ഇതിനോടകം 7 മുതൽ 12 വയസ്സുവരെയുള്ള ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
അതിനിടെ, രക്ഷിതാക്കൾ ഈ പ്രത്യേക ഓപ്ഷൻ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾക്ക് 8005111 എന്ന നമ്പറിൽ തന്നെ വിളിച്ച് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. ഈ ലൈൻ കുട്ടികൾക്ക് മാത്രമുള്ളതാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.കുരുന്നുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഈ കോൾ സെന്ററിൽ പ്രവർത്തിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.