ഷാർജ: മുവൈല കൊമേഴ്‌സ്യൽ ഏരിയയിലെ ഹോളി ഖുർആൻ കോംപ്ലക്‌സിന് സമീപത്തെ റൗണ്ട്എബൗട്ട്
ഇന്ന് (ഞായർ) മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു.ഇവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡ്രൈവർമാർക്ക് നിയന്ത്രണമുണ്ടാകും. ഈ മാസം22 വെള്ളിയാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും. ഇക്കാലയളവിൽ സുഗമ ഗതാഗതം ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.ഇതേത്തുടർന്ന് ട്രാഫിക് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാനും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ പകരം റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോടും റോഡ് ഉപയോക്താക്കളോടും അധികൃതർ എക്‌സിൽഅഭ്യർത്ഥിച്ചു.അടച്ചിടുന്ന പ്രദേശം ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മറ്റു റോഡുകൾ പച്ച നിറത്തിലും കാണാം.

അതിനിടെ, യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപത്തെ മലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് കഴിഞ്ഞ മാസം എസ്.ആർ.ടി.എ അറിയിച്ചിരുന്നു. യു.എ.ഇയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടരുന്നത് കണക്കിലെടുത്താണ് മേൽ തീരുമാനം.