ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ 2025ലെ സമ്മർ ക്യാമ്പ് ഐ എ എസ് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. 5 മുതൽ 12 വരെ ക്ലാസുകളിലെ 300 ലധികം കുട്ടികളാണ് ആദ്യ ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായിരുന്ന ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ ഡയറക്ടർ താഹിർ അഹമ്മദ് അൽ മെഹ്റസി ലോഗോ പ്രകാശനം ചെയ്തു.ഷാർജ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൾമാരായ പ്രമോദ് മഹാജൻ , മുഹമ്മദ് അമീൻ, ബദ്രിയ അൽ തമീമി (മാനേജർ ഓഫ് സ്കൂൾ ഓപ്പറേഷൻസ്) ഇൻഫോ സ്കിൽസ് ഡയറക്ടർ നസ്റീൻ അഹമ്മദ് ബാവ എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ നന്ദി പറഞ്ഞു.വേനൽക്കാല അവധിക്കാലത്ത്, വിദ്യാർത്ഥികളെ സൃഷ്ടിപരവും, സാംസ്കാരികവുമായ മികച്ച പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഏഴു ദിവസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസവും, വിനോദപരവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം യുവാക്കൾക്കിടയിൽ നേതൃത്വം, ടീം വർക്ക്, സർഗാത്മകത എന്നിവ ഉത്തേജിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും, പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ദുബായ് ഇൻഫോ സ്കിൽസുമായി ചേർന്ന് ഓഗസ്റ്റ് 9 മുതൽ 15 വരെ, ഒരാഴ്ചക്കാലം, നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ശില്പശാലകൾ, കലാകായിക പരിശീലനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കരകൗശല പ്രവർത്തനങ്ങൾ, സാംസ്കാരിക അവബോധക ക്ലാസുകൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്ലാസ് മുറികൾക്കപ്പുറത്തേക്കുള്ള പഠനത്തിനും വളർച്ചക്കും ഉതകുന്ന വേദി കണ്ടെത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.സമ്മർ ക്യാമ്പിന്റെ സമാപനവും, ഇന്ത്യയുടെ 79-ആം സ്വാതന്ത്ര്യ ദിന ആഘോഷവും ഓഗസ്റ്റ് 15ന് ഒരുമിച്ചു നടത്തും. വൈകുന്നേരം 7 മുതൽ രാത്രി 11 വരെ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമാപന പരിപാടിയിൽ ദേശസ്നേഹം, അംഗീകാരം എന്നിവ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പ്രകടനങ്ങൾ, ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, വിശിഷ്ട വ്യക്തികളുടേയും, അംഗങ്ങളുടേയും സാന്നിധ്യത്തിൽ ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടികൾ എന്നിവ അരങ്ങേറും. പഠനവും, വിനോദവും, സാംസ്കാരിക അഭിമാനവും ഒത്തുചേരുന്ന ഐഎഎസ് സമ്മർ ക്യാമ്പ് 2025 അവിസ്മരണീയമായ ഒരു അനുഭവമായിരിക്കുമെന്നും, യുവതലമുറയെ പരിപോഷിപ്പിക്കാനും സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അസോസിയേഷന്റെ പ്രതിബദ്ധത ഇത് ഉറപ്പാക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.