ദുബായ്: ലോക മാനുഷിക ദിനത്തിൽ( ആഗസ്റ്റ് 19) ദുബായിൽ കാരുണ്യത്തിൻ്റെ മനോഹരമായ കാഴ്ച ഒരുങ്ങി.നിശ്ചയദാർഢ്യമുള്ളവരുടെ (People of Determination) കൈകളിലൂടെ സ്നേഹത്തിൻ്റെ സമ്മാനപ്പൊതികൾ ആശുപത്രിയിലെ കുഞ്ഞുമനസ്സുകളിലേക്ക് എത്തിച്ചുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിണേഴ്സ് അഫയേഴ്സും (GDRFA ദുബായ്), കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയും (CDA) ചേർന്ന് ഹൃദയസ്പർശിയായ ഒരു സംരംഭം നടത്തി.
സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ളവരെയും ചേർത്തുപിടിക്കുന്ന ‘സാമൂഹിക വർഷ കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ‘സ്‌നേഹത്താൽ പൊതിഞ്ഞ്’ (Wrapped with Love) എന്ന ഈ പരിപാടി അരങ്ങേറിയത്. അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ, നിശ്ചയദാർഢ്യമുള്ളവർ അതിഥികളായി.ആശുപത്രിയിലെ കുട്ടികൾക്കായി അവർ സ്വന്തം കൈകൊണ്ട് സമ്മാനങ്ങൾ തയ്യാറാക്കുകയും വർണ്ണ കടലാസ്സുകളിൽ ഭംഗിയായി പൊതിഞ്ഞെടുക്കുകയും ചെയ്തു.പിന്നീട്,അവർ ആശുപത്രി വാർഡുകളിലെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നേരിട്ട് കൈമാറി.ഇത് രോഗശയ്യയിലുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷം പടർത്തി
‘മനുഷ്യൻ ആദ്യം’ എന്ന ഞങ്ങളുടെ തത്വത്തിൻ്റെ ഒരു ഭാഗമാണ് ഈ സംരംഭം. സമൂഹത്തിലെ എല്ലാവർക്കും നന്മയുടെ പാതയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് നിശ്ചയദാർഢ്യമുള്ളവരുടെ പങ്കാളിത്തം തെളിയിക്കുന്നുവെന്ന് ജി ഡി ആർ എഫ് എ -ദുബായിയുടെ നേതൃത്വ, ഭാവി കാര്യങ്ങൾ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ, ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
ദുബായ് ആരെയും പിന്നിൽ നിർത്താതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നു.നിശ്ചയദാർഢ്യമുള്ളവരെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത് അവരെ ശാക്തീകരിക്കുക മാത്രമല്ല, സമൂഹത്തിൻ്റെ മൂല്യങ്ങൾ കൂടുതൽ ദൃഢമാക്കുക കൂടിയാണെന്ന് സി ഡി എ സോഷ്യൽ ഡെവലപ്‌മെൻ്റ് ആൻഡ് കെയർ സെക്ടർ സിഇഒ ഹാരിസ് അൽ മുർ ബിൻ ഹാരിസും അഭിപ്രായപ്പെട്ടു.കരുണ, സഹവാസം, ഐക്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ ഈ സംരംഭം ഉയർത്തിപ്പിടിച്ചു. ദുബായ് ഒരു ആഗോള മാനുഷിക നഗരമാണെന്ന സന്ദേശം നൽകുകയാണ് ഈ സംരംഭത്തിലൂടെയെന്ന് അധികൃതർ വിശദീകരിച്ചു