ദുബായ് : 2025ലെ രണ്ടാം പാദത്തിൽ ദുബൈയിൽ പുലർച്ചെ 1 മണിക്ക് ശേഷമുള്ള ടോൾ ഫ്രീ യാത്രകളുടെ എണ്ണം 46.8 ശതമാനം വർധിച്ച് 16.4 ദശലക്ഷത്തിലെത്തിയതായി ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2025 ജനുവരി 31ന് പുതിയ വേരിയബിൾ ടോൾ പ്രൈസിംഗ് സിസ്റ്റം (വി.ടി.പി.എസ്) അവതരിപ്പിച്ച ശേഷമുള്ള ആദ്യ പൂർണ പാദമാണിത്. പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ, പുലർച്ചെ 1 മണിക്കും രാവിലെ 6 മണിക്കുമിടയിൽ എമിറേറ്റിലെ 10 സാലിക് ഗേറ്റുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെ ടോൾ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6 മുതൽ 10 വരെയും, വൈകുന്നേരം 4 മുതൽ 8 വരെയും) 6 ദിർഹം ആണ് ടോൾ. അതേസമയം, തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 10-4; രാത്രി 8-1) കുറച്ച ഫീസ് ആയ 4 ദിർഹം ഈടാക്കും.
ഈ വർഷം ഫെബ്രുവരി-മാർച്ച് കാലയളവിൽ 11.2 ദശലക്ഷം സാലിക് രഹിത യാത്രകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പകുതിയിൽ ആകെ ടോൾ ഫ്രീ യാത്രകളുടെ എണ്ണം 27.6 ദശലക്ഷമാണ്.
“2025ലെ രണ്ടാം പാദത്തിൽ ആകെ ചാർജ് ചെയ്യാവുന്ന യാത്രകൾ 160.4 ദശലക്ഷത്തിലെത്തി. ഇക്കൊല്ലത്തെ ആദ്യ പാദത്തിലെ 158 ദശലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.6 ശതമാനം പുരോഗതിയാണിത്” -സാലിക് അധികൃതർ പറഞ്ഞു. തിരക്കുള്ള നേരങ്ങളിൽ (6 ദിർഹം) സാലിക് ടോൾ റോഡുകളുടെ ഉപയോഗത്തിലെ “ശക്തമായ വളർച്ച”യാണ് ഇതിന് കാരണമായത്. 2025ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രധാനമായും രണ്ട് പുതിയ ഗേറ്റുകൾ അവതരിപ്പിച്ചത് കൂടി കണക്കിലെടുക്കുമ്പോൾ 46.7 ശതമാനം വർധന സ്പഷ്ടമാണ്.
കഴിഞ്ഞ വർഷം അവതരിപ്പിച്ച ബിസിനസ് ബേ, അൽ സഫ സൗത്ത് ഗേറ്റുകളെക്കുറിച്ചാണ് സാലിക് പരാമർശിച്ചത്. ”അർധരാത്രിക്ക് ശേഷമുള്ള ടോൾ ഫ്രീ കാലയളവിൽ (0 ദിർഹം) ആകെ 16.4 ദശലക്ഷം യാത്രകൾ ഉണ്ടായി. ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 46.8 ശതമാനം വർധന”യാണെന്ന് എക്സ്ക്ലൂസിവ് ടോൾ ഗേറ്റ് ഓപറേറ്റർ കഴിഞ്ഞാഴ്ച പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു. 2025ലെ ആദ്യ പാദത്തിൽ 1.53 ബില്യൺ ദിർഹം വരുമാനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.