റാസല്‍ഖൈമ: ഔഷധ നിര്‍മാണ രംഗത്തെ യു.എ.ഇയുടെ അഭിമാന സ്ഥാപനമായ റാസല്‍ഖൈമ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) ഈ വര്‍ഷാദ്യ പകുതിയില്‍ 70.73 കോടി ദിര്‍ഹം അറ്റാദായം നേടിയതായി അധികൃതര്‍. വരുമാന വളര്‍ച്ചയിലെ സുസ്ഥിരതയും സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയും കാണിക്കുന്നതാണ് സാമ്പത്തിക ഫലങ്ങളെന്ന് ജുല്‍ഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് സഖര്‍ ബിന്‍ ഹുമൈദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. പുതിയ ഉല്പന്നങ്ങളുടെ സംഭരണത്തിലൂടെയും വിപണി വികാസത്തിലൂടെയും ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ഒരു മുന്‍നിര ആരോഗ്യ സംരക്ഷണ പങ്കാളിയെന്ന നിലയില്‍ ജുല്ഫാറിന്റെ സ്ഥാനം ശക്തിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജുല്ഫാറിന്റെ 2025 ആദ്യ പകുതിയിലെ അറ്റാദായത്തില്‍ മൊത്തം ലാഭം 29.8 കോടി ദിർഹമായാണ് വര്‍ധിച്ചത്. സ്ഥിരവിലയില്‍ 5.8 ശതമാനവും മൊത്തം ലാഭത്തില്‍ 12.8 ശതമാനവുമാണ് വളര്‍ച്ച. പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവക്ക് മുമ്പുള്ള വരുമാനം 27.9 ശതമാനം വര്‍ധിച്ചു. ലാഭനിരക്ക് 10.6 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി വര്‍ധിച്ചു. അറ്റാദായം 7.3 ദശലക്ഷത്തില്‍ നിന്ന് 38.6 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം മൊത്തം അറ്റാദായം 15.82 കോടി ദിര്‍ഹമായി. സഹ്റത്ത് അല്‍ റൗദ ഫാര്‍മസീസ് കമ്പനിയുടെ വിൽപനയില് നിന്നുള്ള മൂലധന നേട്ടമായ 11.87 കോടി ദിർഹമും ഇതിലുള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.