അബുദാബി:∙ സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിൽ സ്ഥാപിതമായ ആദ്യത്തെ ആണവോർജ പദ്ധതിയായ ബറാക നിലയം 5 വർഷം പൂർത്തിയാക്കുന്നു. പ്ലാന്റ് ഇപ്പോൾ രാജ്യത്തെ നാലിലൊന്ന് വീടുകൾക്കാണ് വെളിച്ചം പകരുന്നത്. അബുദാബി അൽ ദഫ്രയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് വർഷം 40 ടെറാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. യുഎഇയുടെ വൈദ്യുതി ആവശ്യകതയുടെ 25 ശതമാനത്തിനു തുല്യമാണിത്. 5.74 ലക്ഷം വീടുകൾക്കാണ് ഇപ്പോൾ വൈദ്യുതി നൽകുന്നത്. ആഗോളതലത്തിൽ ഏറ്റവും നൂതനവും വിശ്വസനീയവുമായ ആണവ നിലയങ്ങളിലൊന്നാണിതെന്ന് ലിവർപൂൾ സർവകലാശാലയിലെ റേഡിയേഷൻ പ്രൊട്ടക്‌ഷൻ സയൻസസ് ആൻഡ് ന്യൂക്ലിയർ എനർജി പോളിസി പ്രഫ. പീറ്റർ ബ്രയന്റ് അഭിപ്രായപ്പെട്ടു. നാല് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന പ്ലാന്റ് നിർമിക്കുന്നതിന് 2009 ഡിസംബറിലാണ് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ കൊറിയയിലെ ഇലക്ട്രിക് പവർ കോർപറേഷന് 2000 കോടി ഡോളറിന്റെ കരാർ നൽകിയത്. ബറാകയുടെ ആദ്യ യൂണിറ്റ് 2020 ഓഗസ്റ്റിലും രണ്ടാം യൂണിറ്റ് 2021 മാർച്ചിലും മൂന്നാം യൂണിറ്റ് 2022 സെപ്റ്റംബറിലും നാലാം യൂണിറ്റ് 2024 സെപ്റ്റംബറിലും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമായതോടെ മൊത്തം ശേഷി 5.6 ജിഗാ വാട്സ് ആയി. ഫോസിൽ ഇന്ധനങ്ങളെക്കാൾ 10 ലക്ഷം മടങ്ങ് ഊർജ സാന്ദ്രതയുള്ളതും പരിസ്ഥിതി സൗഹൃദവുമാണ് ആണവോർജമെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫ. വേഡ് ആലിസൺ പറഞ്ഞു. യുഎഇയുടെ വാർഷിക കാർബൺ ബഹിർഗമനം 2.24 കോടി ടൺ കുറയ്ക്കാൻ പ്ലാന്റ് സഹായിച്ചു. ഇത് 50 ലക്ഷം പെട്രോൾ വാഹനങ്ങളെ നിരത്തിൽനിന്ന് നീക്കുന്നതിന് തുല്യമാണ്.