ദുബായ് ∙ ദുബായിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിൽ കേസുകൾ തീർപ്പാക്കുന്നതിലും വിധിന്യായങ്ങളുടെ കൃത്യതയിലും മികച്ച പുരോഗതി രേഖപ്പെടുത്തി. 2025ന്റെ ആദ്യ പകുതിയിലെ പ്രകടന റിപോർട്ട് വിലയിരുത്തുന്നതിനായി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മേധാവി ജഡ്ജി ഖാലിദ് യഹ്യ അൽ ഹൊസാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമഗ്ര യോഗത്തിലാണ് ഈ നേട്ടം വ്യക്തമായത്. ദുബായിയെ ആഗോള നീതിന്യായ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടിന് അനുസൃതമായി വെല്ലുവിളികൾ ചർച്ച ചെയ്യാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും മുൻകരുതൽ നടപടികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.ഈ വർഷം ആദ്യ പകുതിയിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിലെ കേസുകൾ തീർപ്പാക്കുന്നതിന്റെ നിരക്ക് 2024നെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചു. 2024ൽ ഇത് 93% ആയിരുന്നെങ്കിൽ, 2025ൽ ഇത് 103% ആയി ഉയർന്നു. 35,051 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ, 36,076 കേസുകളാണ് തീർപ്പാക്കിയത്.കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ മാത്രമല്ല, വിധിന്യായങ്ങളുടെ കൃത്യതയിലും കോടതികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. കൊമേഴ്സ്യൽ കോടതിയിൽ 88% ആയിരുന്ന കൃത്യത 91.4% ആയി ഉയർന്നു. സിവിൽ കോടതിയിൽ ഇത് 88.5%ൽ നിന്ന് 93.4% ആയും റിയൽ എസ്റ്റേറ്റ് കോടതിയിൽ 80%ൽ നിന്ന് 88.2% ആയും ലേബർ കോടതിയിൽ 90.4%ൽ നിന്ന് 94% ആയും വർധിച്ചു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളിലെ വിധിന്യായങ്ങളുടെ കൃത്യത ആകെ 89%ൽ നിന്ന് 89.4% ആയി ഉയർന്നു.കൂടാതെ, പഴ്സനൽ സ്റ്റാറ്റസ് കോടതിയിൽ കേസ് തീർപ്പാക്കാനുള്ള ശരാശരി സമയം 91 ദിവസത്തിൽ നിന്ന് 57 ദിവസമായി കുറച്ചു. ലേബർ കോടതിയിൽ ആദ്യ ഹിയറിങ്ങിന് ശേഷമുള്ള വിധി വരാനുള്ള സമയം 52 ദിവസത്തിൽ നിന്ന് 26 ദിവസമായി കുറഞ്ഞു.
പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു
പുരോഗമിച്ച ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചും ആനുകാലിക പരിഷ്കാരങ്ങൾ വരുത്തിയും പ്രകടനം മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തലവൻ ഖാലിദ് യഹ്യ അൽ ഹൊസാനി പറഞ്ഞു. ഇത് നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുകയും ദുബായിയെ ഭാവിയിലേക്ക് നയിക്കുന്ന നഗരമെന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും ചെയ്യും.കൂടാതെ, ഡിജിറ്റൽ എൻഫോഴ്സ്മെന്റ് മോണിറ്റർ വികസിപ്പിക്കുക, കേസുകൾ ഷെഡ്യൂൾ ചെയ്യാൻ സ്മാർട്ട് സൊല്യൂഷനുകൾ ഉപയോഗിക്കുക, കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുക, നടപടിക്രമങ്ങൾ ലളിതമാക്കുക തുടങ്ങിയ നിരവധി പുതിയ പദ്ധതികളും കോടതികൾ ആരംഭിച്ചിട്ടുണ്ട്. ഒരു ആഗോള നഗരത്തിനായുള്ള ‘പയനിയറിങ് ജസ്റ്റിസ്’ എന്നതാണ് ദുബായ് കോടതികളുടെ കാഴ്ചപ്പാടും നീതിന്യായ പ്രകടനം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയും.