റാസൽഖൈമ: എമിറേറ്റിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (ഇ 11) വികസിപ്പിക്കാൻ റാസൽഖൈമ പൊതു സേവന വകുപ്പ് തീരുമാനിച്ചു. ഈ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി എമിറേറ്റിലെ ഗതാഗതപ്രവാഹം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നു.അൽ ഹംറ റൗണ്ട് എബൗട്ട് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (ഇ 311) വരെയുള്ള ഭാഗങ്ങളിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡ് ശൃംഖല വിപുലീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്. അടുത്ത മാസം ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ, റോഡ് വീതികൂട്ടി ഇരുവശത്തും നാല് വരികളാക്കും. അതോടൊപ്പം, ഗതാഗതം സുഗമമാക്കാൻ പ്രത്യേക സർവീസ് റോഡ് നിർമിക്കും. വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, ജലസേചനം, മഴവെള്ളം ഒഴുക്കി വിടാനുള്ള ഓടകൾ തുടങ്ങിയ അവശ്യ യൂട്ടിലിറ്റി ശൃംഖലകൾ വികസിപ്പിക്കുകയും അത്യാധുനിക എൽഇഡി വിളക്കുകാലുകൾ സ്ഥാപിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ അൽ ഹംറ റൗണ്ട് എബൗട്ടിലെ ഇ 11 ഭാഗങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും. ഇതിനായി ഏകദേശം 2 കിലോമീറ്റർ നീളമുള്ള താൽക്കാലിക റോഡും നിർമിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. അതോടൊപ്പം ഡോൾഫിൻ ജങ്ഷൻ (എസ് 4), ഇ 11-ഇ 311 ജങ്ഷൻ (ഡി 1), റെഡ് ടണൽ (എസ് 3), മിനാ അൽ അറബ് ടണൽ (എഫ് 1/എഫ് 2) എന്നിവിടങ്ങളിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ പാതകളും കൂട്ടിച്ചേർക്കും. ഈ ഘട്ടത്തിലും ഗതാഗതം ബദൽ പാതകളിലേക്ക് വഴിതിരിച്ചുവിടുന്നതുമാണ്. റാസൽഖൈമയിലെ വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും എമിറേറ്റിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ആധുനികവും കാര്യക്ഷമവുമായ റോഡ് ശൃംഖല സൃഷ്ടിക്കുന്നതിലൂടെ എമിറേറ്റിന്റെ വളർച്ചയ്ക്ക് ഇത് വലിയ സംഭാവന നൽകുമെന്ന് അധികൃതർ അറിയിച്ചു.