ദുബായ് :മാധ്യമപ്രവർത്തന രംഗത്ത് ഒട്ടേറെ അപൂർവാവസരങ്ങൾ യുഎഇ തുറന്നുതന്നുവെന്നും മറ്റെവിടെ പ്രവർത്തിച്ചിരുന്നുങ്കിലും ഇത്രയും അനുഭവം ലഭിക്കുമായിരുന്നില്ലെന്നും യുഎഇ ദേശീയ മാധ്യമ ഏജൻസിയായ വാമിന്റെ മുൻ എക്സിക്യുട്ടീവ് എഡിറ്റർ ബിൻസാൽ അബ്ദുൽ ഖാദർ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളിലെ പ്രസിഡന്റ്, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി അഭിമുഖം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ലോകത്തെ സേവനം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ബിൻസാൽ ദുബായിൽ മലയാളം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ സംവദിക്കുകയായിരുന്നു.
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമുമായി നടത്തിയ അഭിമുഖം ഒരിക്കലും വിസ്മരിക്കാനാവില്ല. വളരെ എളിമയോടെ പെരുമാറിയിരുന്ന അദ്ദേഹത്തിൽ ഉന്നതനിലയിലുള്ള വ്യക്തി എന്ന നിലയിലും മനുഷ്യനെന്ന നിലയിലും മറ്റുള്ളവർക്ക് ഏറെ പഠിക്കാനുണ്ട്. ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. പല കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണാൻ കഴിവുള്ളയാളായിരുന്നു. സൈന്യങ്ങൾ പരമ്പരാഗതമായി ആയുധങ്ങളും മറ്റും ഉപയോഗിച്ച് നടത്തുന്ന യുദ്ധമായ കൺവെൻഷണൽ വാറിന്റെ സമയം കഴിഞ്ഞതായും ഇനിയൊരു രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തണെങ്കിൽ ആ രാജ്യത്തെ സൈബർ നെറ്റ് വർക്ക് തകർത്താൽ മതിയെന്നും അതുകൊണ്ട് ഇനി ഡിജിറ്റൽ സെക്യുരിറ്റി, സൈബർ യുദ്ധത്തിന്റെയും കാലമായിരിക്കുമെന്നും 2009ൽ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടല്ലോ എന്ന് ആരാഞ്ഞപ്പോൾ, അതിൽ ഒരു കാര്യവുമില്ല എന്നായിരുന്നു മറുപടി. അതുകേട്ടപ്പോൾ അദ്ദേഹം അതിൽ തത്പരനായിരുന്നു എന്ന് തോന്നിയിരുന്നു. ഇരുനൂറിലേറെ രാജ്യക്കാർ ജീവിക്കുന്ന യുഎഇയിൽ വ്യത്യസ്ത മനുഷ്യരെ കാണാനും ആശയവിനിമയം നടത്താനും അവരുടെ ജീവിതം അടുത്തറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്. ജീവിതം എന്നത് സൌഹൃദങ്ങളുടെ ആഘോഷമാണ്. യുഎഇയിൽ താൻ ആ ആഘോഷത്തിലായിരുന്നുവെന്നും തൃശൂർ കൈപ്പമംഗലം സ്വദേശിയായ ബിൻസാൽ പറഞ്ഞു.

കൊ ഒാർഡിനേറ്റർമാരായ വനിതാ വിനോദ്, റോയ് റാഫേൽ, യാസർ എന്നിവരും എം.സി.എ.നാസർ, ജമാലുദ്ദീൻ, സാദിഖ് കാവിൽ, ഷിനോജ് ഷംസുദ്ദീൻ, സുരേഷ് വെള്ളിമുറ്റം, അനൂപ് കീച്ചേരി, ശ്രീരാജ് കൈമൾ, ജസീത സഞ്ജിത്, സാലിഹ്, മനാഫ് തുടങ്ങിയവരും പ്രസംഗിച്ചു.