ഷാർജ :ഷാർജ റൂളേഴ്സ് ഓഫീസിലെ മുൻ ഉദ്യോഗസ്ഥനും എഴുത്തുകാരനും മുതിർന്ന പ്രവാസിയുമായ കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (ബാലു-78) അന്തരിച്ചു. ഷാർജ അൽ സഹിയയിൽ സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർവീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ, മക്കൾ: സുഭാഷ് (ഓസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. സംസ്‌കാരം ഷാർജയിൽ.1974ൽ ഷാർജയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സീനിയര്‍ അംഗം കൂടിയാണ്. ഷാർജ ഭരണാധികാരിയുടെ ഓഫീസും ഷാർജ ഇന്ത്യൻ അസോസിയേഷനും ഇന്ത്യൻ കോൺസുലറ്റും തമ്മിലുള്ള ഒരു പാലമായി വർത്തിച്ചു. ഭരണാധികാരിയോട് നേരിട്ട് ഇടപെടാന്‍ അധികാരപ്പെട്ട അപൂർവ ഉദ്യോഗസ്ഥൻമാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഷാർജ ഭരണാധികാരി ഷാർജ ഇന്ത്യൻ സ്കൂളിന് വേണ്ടിയും,ഷാര്‍ജയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തിനുവേണ്ടിയും സൗജന്യമായി അനുവദിച്ച സ്ഥലം നേടി എടുക്കുന്നതിന് ബാലചന്ദ്രന്റെ പങ്ക് നിർണായകമായിരുന്നു. 2001ല്‍ ഷാർജ ഗവൺമെന്റിന്റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ ബാലചന്ദ്രൻ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമകള്‍ക്കും ആൽബങ്ങൾക്കും വേണ്ടി ഗാനങ്ങൾ രചിച്ചു.