ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്) ഭരണ മികവിനുള്ള അന്താരാഷ്ട്ര അവാർഡ് നേടി. ‘ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് റിവ്യൂ’ നൽകിയ “2025-ലെ മികച്ച ഇൻസ്റ്റിറ്റ്യൂഷണൽ ഗവേണൻസ് – സർക്കാർ മേഖല” അവാർഡാണ് ജിഡിആർഎഫ്എ ദുബായ്ക്ക് ലഭിച്ചത്. ഇത് ആദ്യമായാണ് മിഡിൽ ഈസ്റ്റിലെ ഒരു സർക്കാർ സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
ഇത് ദുബായുടെ ഭരണ മികവും പൊതുസേവന മേഖലയിലെ നൂതനമായ സമീപനവും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നു.

സ്ഥാപനത്തിന്റെ ഘടനാപരമായ വികസനത്തിനും മികച്ച ഭരണ തത്വങ്ങൾ നടപ്പിലാക്കുന്നതിനും ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണ്.ഈ നേട്ടം ദുബായിലെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സമർപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.ഭരണ മികവിന്റെ ലോക മാതൃകയായി ഉയർത്തിക്കൊണ്ടുവരാൻ തങ്ങൾ സേവന സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ഗവേണൻസ് ആൻഡ് കംപ്ലയൻസ് ഡയറക്ടർ ഡോ. ഹനാൻ അബ്ദുല്ല അൽ മർസൂഖി വ്യക്തമാക്കി.അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ജിഡിആർഎഫ്എ പ്രവർത്തിക്കുന്നതെന്നും, ഇത് ദുബായിലെ സർക്കാർ പ്രകടനത്തിന് സുസ്ഥിരത നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
പ്രവർത്തനത്തിലെ വിവിധ മികവുകൾക്ക് ജിഡിആർഎഫ്എ ദുബായ് ഇതിനകം നിരവധി പ്രാദേശിക, ആഗോള അവാർഡുകൾ നേടിയിട്ടുണ്ട്. വിശ്വാസം വളർത്തിയെടുക്കുന്നതിനും സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ജനങ്ങളെ സേവിക്കുന്നതിലും കൂടുതൽ സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സംയോജിത സർക്കാർ മാതൃക നൽകുന്നതിനുമുള്ള അതിന്റെ തുടർച്ചയായ ശ്രമങ്ങളെ ഈ അംഗീകാരം എടുത്തുകാണിക്കുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു