ദുബായ് :∙ നബി ദിനത്തോടനുബന്ധിച്ച് (സെപ്റ്റംബർ 5ന്) പ്രഖ്യാപിക്കപ്പെട്ട പൊതു അവധി ദിനത്തിലെ പ്രവർത്തന സമയം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഇടപാടുകളിൽ സൗകര്യവും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.നബി ദിന അവധിയിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 (ആറൈവൽസ് ഹാൾ) കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ 24 മണിക്കൂറും (24/7) സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു. ഇത് യാത്രക്കാർക്കും ഉപഭോക്താക്കൾക്കും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കും. അതോടൊപ്പം, അൽ അവീർ കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ രാവിലെ 6 മുതൽ രാത്രി 10 വരെ തുറന്നിരിക്കുന്നതാണ്.വീസ, റസിഡൻസി, മറ്റ് ഇമിഗ്രേഷൻ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് അന്വേഷണങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ കോൾ സെന്ററിലേക്ക് 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.