അജ്മാൻ : പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഇനിമുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്താൽ കനത്ത പിഴ. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അജ്മാൻ സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. തികച്ചും അപകടകരവും അതിവേഗം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളായതിനാൽ, ഇത്തരം വാഹനങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിലോ അധികൃതർ നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെയോ പാർക്ക് ചെയ്യാനോ നിർത്താനോ അനുവാദമുണ്ടായിരിക്കില്ല. ഈ നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്ന് അജ്മാൻ സുപ്രീം എനർജി കമ്മിറ്റി അറിയിച്ചു.ആദ്യ തവണ: 5,000 ദിർഹമാണ് പിഴ. രണ്ടാം തവണ: 10,000 ദിർഹവും മൂന്നാം തവണ 20,000 ദിർഹം പിഴയും ചുമത്തും. കൂടാതെ, വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കി വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനം പിന്നീട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ലേലത്തിൽ വിൽക്കുന്നതാണ്. ലൈസൻസുള്ള സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ പെട്രോളിയം വ്യാപാരത്തിനുള്ള പെർമിറ്റ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാനുള്ള അധികാരവും കമ്മിറ്റിക്കുണ്ട്.പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു നിയമലംഘനവും ഉടൻ തന്നെ ഉടമയുടെ ചെലവിൽ നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ഈ തീരുമാനം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനുള്ളിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി ആരംഭിക്കും.