റാസല്‍ഖൈമ: റാസല്‍ഖൈമ സഫാരിമാളില്‍ ഒരു മാസത്തോളം നീളുന്ന റാഖോത്സവം പരിപാടികള്‍ക്ക് തുടക്കമായി. തിരുവോണനാളില്‍ നടന്ന ചടങ്ങില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ സലീം റാഖോത്സവം പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.ചടങ്ങില്‍ സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷെമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ചാക്കോ ഊളക്കാടന്‍, നാസര്‍ അല്‍മഹ, മീഡിയവണ്‍ ജി.സി.സി ജനറല്‍ മാനേജര്‍ സവാബ് അലി, അസിയാന്‍ ഗോള്‍ഡ് ജ്വല്ലറി മാനേജര്‍ സുബിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.കേരളത്തനിമ ഒട്ടുംചോരാതെ മാവേലി, പുലിക്കളി, ചെണ്ടമേളം, കഥകളി തുടങ്ങി കേരള കലാരൂപങ്ങളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ ആയിരുന്നു റാഖോത്സവത്തിന് തുടക്കംകുറിച്ചത്.



റാസല്‍ഖൈമയുടെ ചരിത്രത്തില്‍ ഒരു മാളില്‍ ഒരുമാസം നീളുന്ന ഓണ പരിപാടികളും, മത്സരങ്ങളും ആദ്യമായാണ് നടക്കുന്നതെന്നും ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ സലീം പറഞ്ഞു.ഉപഭോക്താക്കളുടെ വിശ്വാസവും സ്നേഹവും സഫാരിയെ എപ്പോഴും മുന്നോട്ടുനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് സഫാരി റാസല്‍ഖൈമയിൽ എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും, സഫാരിയെ റാസല്‍ഖൈമയിലെ ജനങ്ങള്‍ ഇരുകൈനീട്ടി സ്വീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ 27 വരെ നീളുന്ന റാഖോത്സവം പരിപാടികളില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരങ്ങള്‍, ഫാഷന്‍ ഷോ, പായസ മത്സരങ്ങള്‍, എ.ഐ വർക്ഷോപ്പുകള്, ചെസ് മത്സരങ്ങള്‍, പൂക്കള മത്സരങ്ങള്‍, പാചകമത്സരങ്ങള്‍, മാജിക്ക് ഷോ, മുട്ടിപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ചര്‍ച്ചകള്‍ തുടങ്ങി നിരവധി പരിപാടികളാണ് റാഖോത്സവം സീസണ്‍ ഒന്ന് എന്ന പേരില്‍ റാസല്‍ഖൈമ സഫാരിയില്‍ അരങ്ങേറുന്നത്.