ന്യൂയോർക്ക്: ഇന്ത്യക്കും ചൈനയ്ക്കുമെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. റഷ്യയുമായി വ്യാപാരബന്ധം ശക്തമാക്കുന്നതിനെതിരെ പ്രതികാര നടപടിയായി ഇരുരാജ്യങ്ങൾക്കും നൂറ് ശതമാനം അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമാണിതെന്നാണ് ട്രംപിന്റെ വാദം.
ഇതിനിടെ ഇന്ത്യയ്‌ക്കെതിരെ നേരത്തെ തന്നെ 50 ശതമാനം തീരുവ നടപ്പാക്കിയിരുന്നു. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന തീരുവ ഇന്ത്യയുടെ എണ്ണവ്യാപാരത്തെയും മറ്റ് വ്യാപാരബന്ധങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ 100 ശതമാനം തീരുവയെന്ന പുതിയ നിലപാട് ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിലെയും സാമ്പത്തിക സാഹചര്യങ്ങളിലെയും ആഘാതം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ് സുപ്രീം കോടതി, രാജ്യങ്ങൾക്ക് മേൽ ഇത്തരത്തിലുള്ള അധിക തീരുവ ചുമത്താൻ ട്രംപിന് അവകാശമുണ്ടോ എന്ന കാര്യത്തിൽ അടിയന്തരമായി ഹർജി പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും ട്രംപിന്റെ സാമ്പത്തിക നയങ്ങളിലും കടുത്ത വിവാദം ഉയർന്നിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളെ തന്റെ നിലപാടിനൊപ്പം നിർത്താൻ ട്രംപ് ശക്തമായ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
മുമ്പ് അലാസ്‌കയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തിയ ചർച്ചകൾ സമാധാനം ഉറപ്പാക്കാൻ പര്യാപ്തമായിരുന്നില്ല. അതേസമയം, ട്രംപ് ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും വ്യക്തമാക്കിയിരുന്നു. “മോദി മഹാനായ നേതാവാണ്, എന്നാൽ ചില തീരുമാനങ്ങൾ എനിക്ക് ഇഷ്ടപ്പെടാറില്ല,” എന്ന ട്രംപിന്റെ പരാമർശം ശ്രദ്ധേയമാണ്. പുതിയ തീരുവ നിലപാട് ഇരുരാജ്യ ബന്ധത്തിൽ എത്രത്തോളം പ്രതിഫലിക്കുമെന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.