തിരുവനന്തപുരം:നേപ്പാളിലെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളി വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടിയന്തിര കത്ത് അയച്ചു. നേപ്പാളിലെ പൊഖ്‌റയിൽ വിനോദസഞ്ചാരത്തിനായി എത്തിയ പ്രായമായവർ ഉൾപ്പെടെ നിരവധി മലയാളികൾക്ക് അവിടെ തുടരുന്നത് അതീവ ദുഷ്കരമായിരിക്കുകയാണ്. പ്രക്ഷോഭത്തിനിടയിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറാനിടയുള്ള സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് വിനോദസഞ്ചാരികളെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ എല്ലാ സഹായവും സഹകരണവും ഇത്തരം നടപടികൾക്ക് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. മലയാളി വിനോദസഞ്ചാരികളുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കായി സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഏകോപന നടപടി ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേപ്പാളിലെ സ്ഥിതിഗതികൾ ഇപ്പോൾ സംഘർഷഭരിതമാണ്. യുവജന പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളവും സൈന്യം ഏറ്റെടുത്ത സാഹചര്യത്തിൽ ബുധനാഴ്ച വരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങി ഇന്ത്യൻ വിമാനക്കമ്പനികളുടെ നേപ്പാൾ സർവീസുകളും താൽക്കാലികമായി നിർത്തിയിട്ടുണ്ട്.