ദുബായ്:യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) സംഘടിപ്പിക്കുന്ന ‘മോംസ് വൈവ്സ് ഐ.പി.എ. ഓണപ്പൂരം 2025’ സെപ്റ്റംബർ 14-ന് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്നു. പ്രവാസി മലയാളികൾക്ക് സംഗീതവും നൃത്തവുമായുള്ള വിസ്മയകരമായ ആഘോഷം ഒരുക്കാനാണ് ഇത്തവണത്തെ പരിപാടി ലക്ഷ്യമിടുന്നത്. പത്മശ്രീ നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുന്ന പരിപാടി പ്രവാസി സമൂഹത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രശസ്ത ഡാൻസർ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും ഓണപ്പൂരത്തിന്റെ മുഖ്യ ആകർഷണങ്ങളായിരിക്കും. വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേളയും ആർ.ജെ മിഥുൻ രമേശ്, ബ്ലോഗർ ലക്ഷ്മി മിഥുൻ എന്നിവർ പങ്കെടുക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറം പകരും. പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കാൻ ഐ.പി.എ.യുടെ സ്ഥാപകൻ എ.കെ. ഫൈസൽ (മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട, ജനറൽ കൺവീനർ യൂനസ് തണൽ, പ്രോഗ്രാം കൺവീനർ ബിബി ജോൺ എന്നിവർ നേതൃത്വം നൽകുന്നു.ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ആരംഭിക്കുന്ന കലാപരിപാടികളോടെയാണ് ഓണപ്പൂരത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നടൻ ജയറാമിന്റെ വാദ്യമേളത്തോടെയാകും പ്രധാന വേദി ഉദ്ഘാടനവും തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറുക. യുഎഇയിൽ ഏകദേശം അമ്പതിനായിരത്തിലധികം പ്രവാസികൾക്ക് തൊഴിൽ അവസരം നൽകുന്ന ശക്തമായ ബിസിനസ് നെറ്റ്വർക്കായ ഐ.പി.എ., പ്രവാസി മലയാളികളുടെ ജീവിതത്തിൽ സജീവമായി ഇടപെടുന്ന കൂട്ടായ്മയാണ്. ഓരോ വർഷവും ഓണാഘോഷങ്ങൾ പ്രത്യേകമായി സംഘടിപ്പിക്കുന്നത് പ്രവാസി സമൂഹത്തിന് കലയും സംസ്കാരവും അനുഭവിക്കാൻ അവസരമൊരുക്കുന്നു.

ഈ വർഷം ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഓണപ്പൂരം പ്രവാസി മലയാളികളുടെ വലിയ സംഗമ വേദിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടിയുടെ മുഖ്യ പ്രായോജനകർ മോംസ് ആൻഡ് വൈവ്സ് ആയപ്പോൾ, പ്രീമിയർ ഓട്ടോ പാർട്സ്, എമിറേറ്റ് ഫസ്റ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സഹകരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് പ്ലാറ്റിനം ലിസ്റ്റ് ലിങ്ക് വഴിയുള്ള ഓൺലൈൻ ബുക്കിംഗിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്. പ്രവാസി മലയാളികളുടെ കലാസാംസ്കാരിക ഐക്യത്തിന്റെ തെളിവായും ഈ ആഘോഷം മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.