ഇസ്‌ലാമാബാദ്: ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ യു.എസ്-ഇറാൻ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് സാമൂഹ്യമാധ്യമത്തിലൂടെയാണ് കർശന ഉപാധികൾ മുന്നോട്ടുവെച്ചത്.
ലബനാനിൽ പൂർണമായ വെടിനിർത്തൽ നടപ്പാക്കുകയും ഇസ്രായേൽ ആക്രമണങ്ങളിൽനിന്ന് പിന്മാറുകയും ചെയ്യണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. കൂടാതെ, യു.എസ് ഉപരോധം കാരണം വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു.
ഇസ്‌ലാമാബാദിൽ നടക്കുന്ന നിർണായക സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് ഇറാൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതേ ആവശ്യം ആവർത്തിച്ചിട്ടുണ്ട്.
അതേസമയം, ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ബെയ്‌റൂത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പുതിയ ആക്രമണങ്ങളിൽ 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണങ്ങളും ശക്തമായിട്ടുണ്ട്.
ലബനാൻ-ഇസ്രായേൽ ചർച്ചകൾക്ക് വഴിയൊരുങ്ങാമെന്ന സൂചനകൾക്കിടെ, ഗൾഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുകയാണ്.
ഇതിനിടെ, യു.എസ്, ഇറാൻ പ്രതിനിധികൾ ഇസ്‌ലാമാബാദിൽ എത്തി. ചർച്ചകൾക്ക് തുടക്കമായെങ്കിലും നിർണായക ചർച്ചകൾ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നതോടെ ശക്തമാകും.
രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലബനാനിൽ ആക്രമണം തുടരുന്നത് ചർച്ചകളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉയർത്തുന്നു. എന്നാൽ പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്.
പശ്ചിമേഷ്യയിൽ സമ്പൂർണ വെടിനിർത്തലും മേഖലയിലെ യു.എസ് സൈനിക പിന്മാറ്റവും ഇറാൻ ആവശ്യപ്പെടുന്നു. അതേസമയം, ലബനാനിൽ ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ.







































