ദുബായ്:സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സേവന ഏകീകരണത്തിനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ജി.ഡി.ആർ.എഫ്.എ (ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ്)യും വാടക തർക്ക പരിഹാര കേന്ദ്രവും (Rental Disputes Center) ധാരണാപത്രം ഒപ്പുവച്ചു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ചതും സന്തോഷകരവുമായ നഗരമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഒരു കരാർ. നഗരത്തിന്റെ സേവന സംവിധാനങ്ങളിൽ പുതുമയും കാര്യക്ഷമതയും കൊണ്ടുവരാൻ ലക്ഷ്യമിട്ടിരിക്കുന്ന ഈ നീക്കം ഏറെ ശ്രദ്ധ നേടുകയാണ്
ധാരണാപത്രം പ്രകാരം, സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ വിവര കൈമാറ്റം, സംയുക്ത പദ്ധതികളുടെ വികസനം, നവീന ആശയങ്ങളുടെ പങ്കിടൽ, പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം നടപ്പാക്കും. ഉപഭോക്താക്കൾക്ക് ഏകീകൃതവും സുഗമവുമായ സേവനങ്ങൾ നൽകുക, സമയവും പ്രയാസവും ലഘൂകരിക്കുക, ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തി കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു, “മനുഷ്യർക്ക് പ്രഥമ പരിഗണന” എന്ന തത്വത്തെ പ്രതിഫലിപ്പിക്കുന്ന കരാറാണിത്. ജീവിത നിലവാരവും ഉപഭോക്തൃ സന്തോഷവും മുൻനിർത്തി സർക്കാറിന്റെ വിവിധ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാടക തർക്ക പരിഹാര കേന്ദ്രം ചീഫ് ജഡ്ജ് അബ്ദുൽ ഖാദർ മൂസ പറഞ്ഞു, ഡാറ്റയും വൈദഗ്ധ്യവും പങ്കുവയ്ക്കുന്നത് ദുബായുടെ നീതിയും സുതാര്യതയും ഉറപ്പാക്കുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്തും. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനും കാര്യക്ഷമമാക്കാനും സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.