അബുദാബി/ദോഹ: ഖത്തറിനെതിരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ. ഖത്തറിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം, അഖണ്ഡത എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണ ഉറപ്പുനൽകി. രാജ്യാന്തര നിയമങ്ങളെയും അതോടൊപ്പം രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും മാനിക്കേണ്ടത് അത്യാവശ്യമാണെന്നും യുഎഇ പറഞ്ഞു.ഖത്തർ ഒറ്റക്കല്ലെന്നും അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഈ ഐക്യ ശബ്ദം മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായി ദോഹയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) അടിയന്തര സുപ്രീം കൗൺസിൽ യോഗത്തിലും അറബ്-ഇസ്ലാമിക ഉച്ചകോടിയിലും പങ്കെടുത്ത വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് യുഎഇയുടെ ഈ നിലപാട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇരു ഉച്ചകോടികളും ഉദ്ഘാടനം ചെയ്തത്. ഗൾഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നിരവധി നേതാക്കളും പ്രതിനിധികളും പ്രസക്തമായ അറബ്, ഇസ്ലാമിക് സംഘടനകളും ഉച്ചകോടികളിൽ പങ്കെടുത്തു.യുഎഇയുടെ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രതിരോധകാര്യ മന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദൽ അൽ മസ്റൂയി, മറ്റ് സ്റ്റേറ്റ് മന്ത്രിമാരായ ഖലീഫ ഷഹീൻ അൽ മരാർ, ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ലാനാ സാക്കി നുസ്സൈബെഹ്, സയീദ് മുബാറക് അൽ ഹാജിരി എന്നിവരും പങ്കെടുത്തു.

സെപ്റ്റംബർ ഒൻപതിനാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ് ഈ നടപടി. ആക്രമണത്തിൽ ഒരു ഖത്തർ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഈ നടപടിയെ യുഎഇ ശക്തമായി അപലപിച്ചിരുന്നു. മേഖലയിലെ നിലവിലുള്ള വെല്ലുവിളികൾക്കപ്പുറം സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎഇ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും യുഎഇ പ്രസ്താവനയിലൂടെ വ്യക്തമാക്കി.ഈ കടന്നാക്രമണങ്ങൾ തടയാൻ രാജ്യാന്തര സമൂഹം, പ്രത്യേകിച്ച് യുഎൻ സുരക്ഷാ കൗൺസിൽ അവരുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യുഎഇ അഭ്യർഥിച്ചു. ശക്തമായൊരു രാജ്യാന്തര നിലപാടില്ലാതെ, ഈ ആക്രമണങ്ങൾ പ്രാദേശികവും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് യുഎഇ കൂട്ടിച്ചേർത്തു