ദുബായ് :ദുരിതമനുഭവിക്കുന്ന ലോകജനതയ്ക്ക് കൈത്താങ്ങായി യുഎഇ. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ദുരന്തത്തിലും ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതത്തിലും യുഎഇയുടെ സഹായമെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നിർദേശപ്രകാരമാണ് സഹായമെത്തിച്ചത്.ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയെ സഹായിക്കാൻ യുഎഇ ആരംഭിച്ച മാനുഷിക ദൗത്യമാണ് ‘ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3’. ഇതിന്റെ ഭാഗമായി ‘ഹംദാൻ’ എന്ന പേരിലുള്ള മാനുഷിക സഹായ കപ്പൽ ഈജിപ്തിലെ അൽ അരീഷ് തുറമുഖത്ത് എത്തി.463 ടൺ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളുമാണ് ഈ കപ്പൽ ഗാസയിലേക്ക് എത്തിച്ചത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് സഹായവിതരണം നടത്തുന്നത്. ഗാസയിലേക്ക് കരമാർഗവും വ്യോമമാർഗവും സഹായമെത്തിക്കുന്ന യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുബായ് ഹ്യുമാനിറ്റേറിയൻ എയർലിഫ്റ്റ് വഴി സഹായമെത്തിച്ചു.

രണ്ടാമത്തെ എയർലിഫ്റ്റാണ് ഇപ്പോൾ കാബൂളിൽ എത്തിച്ചേർന്നത്.39.8 ടൺ അവശ്യവസ്തുക്കളാണ് വിമാനത്തിൽ കൊണ്ടുപോയത്. കൂടാരങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള സാമഗ്രികൾ, മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 3,15,350 ഡോളർ (ഏകദേശം 1.16 ദശലക്ഷം ദിർഹം) വിലമതിക്കുന്ന ഈ സഹായം 50,000-ലേറെ ആളുകൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ചയും യുഎൻ ഏജൻസികൾക്കായി 84 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിരുന്നു. ലോകത്തിന്റെ ഏതു കോണിലും ദുരിതമുണ്ടാകുമ്പോൾ സഹായഹസ്തവുമായി എത്തുന്ന യുഎഇയുടെ മാനുഷിക മുഖം വീണ്ടും തെളിയിക്കുന്നതാണ് ഈ ദൗത്യങ്ങൾ.