അജ്മാൻ: പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പനയിലും ഗതാഗതത്തിലുമുള്ള നിയമലംഘനങ്ങൾ തടയാൻ അജ്മാൻ സുപ്രീം എനർജി കമ്മിറ്റിയും അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു. പൊതുസുരക്ഷ വർദ്ധിപ്പിക്കാനും പെട്രോളിയം ഇടപാടുകൾ സംബന്ധിച്ച നിയമങ്ങൾ വ്യക്തികളും സ്ഥാപനങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള ഈ നീക്കം, മേഖലയിലെ സുരക്ഷ വർജ്ജിക്കുന്നതിന് നിർണ്ണായകമാണ്. അജ്മാൻ സുപ്രീം എനർജി കമ്മിറ്റി ചെയർമാൻ റാഇദ് ഉബൈദ് അൽ സാബി, ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാർ നിലവിൽ വന്നത്.
പുതിയ കരാർ പ്രകാരം, പെട്രോളിയം ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അധികാരം ലഭിക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുക, വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കുക, പരിശോധനകൾ നടത്തുക, പരാതികൾ പരിഹരിക്കുക എന്നിവയെല്ലാം ഈ അധികാരപരിധിയിൽ ഉൾപ്പെടുന്നു. പെർമിറ്റില്ലാതെയും അനധികൃത സ്ഥലങ്ങളിലും പെട്രോളിയം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പെർമിറ്റില്ലാതെ പെട്രോളിയം ഉൽപ്പന്നങ്ങൾ വ്യാപാരം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ, ശക്തമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ കരാറിലൂടെ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്. ഇത് അജ്മാനിലെ ഊർജ്ജ-ഗതാഗത മേഖലകളിൽ മികച്ച രീതികൾ നടപ്പാക്കാൻ സഹായിക്കും. കൂടാതെ, ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ഈ നീക്കം നിർണ്ണായക പങ്ക് വഹിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പെട്രോളിയം ഇടപാടുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തിൽ, പുതിയ കരാർ സമൂഹത്തിന് ഒരു വലിയ ആശ്വാസമാണ് നൽകുന്നത്.