വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ തുടർന്നാൽ ചൈനയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ സൈന്യത്തിന്റെ പ്രഹരശേഷി തകർത്തുവെന്ന അവകാശവാദങ്ങൾക്കുപിന്നാലെ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
ഇസ്ലാമാബാദിൽ യു.എസ്-ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെ ചൈന ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അടുത്ത ആഴ്ചകളിൽ ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലേക്ക് നൽകാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നാം രാജ്യങ്ങൾ വഴിയാണ് ആയുധങ്ങൾ കൈമാറുന്നതെന്നും, യു.എസ് സൈനിക വിമാനങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ‘മാൻപാഡ്സ്’ മിസൈലുകൾ ഉൾപ്പെടുന്ന സംവിധാനങ്ങളാണ് നൽകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾ ചൈന തള്ളി. ഒരു പക്ഷത്തേക്കും ആയുധങ്ങൾ കൈമാറിയിട്ടില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വ്യക്തമാക്കി. അമേരിക്ക ആരോപണങ്ങൾ ഉയർത്തുന്നതിന് പകരം സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചൈന പ്രതികരിച്ചു.
ഇതിനിടെ, ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതായി യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസ് അറിയിച്ചു. അമേരിക്ക ചർച്ചയിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇറാനും രംഗത്തെത്തി.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പുതിയ ആയുധ ഇടപാട് ആരോപണങ്ങൾ ഉയരുന്നത് ആഗോള രാഷ്ട്രീയത്തിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്.







































