തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ പാൻ-ഇന്ത്യൻ ചിത്രമായ **‘മാ വന്ദേ’**യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത് മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദനാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, മോദിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിക്കുണ്ടായിരുന്ന സ്വാധീനം ഈ സിനിമയിൽ ഒരു പ്രധാന വിഷയമായിരിക്കും.
സിൽവർകാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ക്രാന്തി കുമാർ സി എച്ച് ആണ്. മോദിയുടെ കുട്ടിക്കാലം മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദിപ്പിക്കുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ ചിത്രം മോദിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകും. അദ്ദേഹത്തിന്റെ കഠിനാധ്വാനവും, നിശ്ചയദാർഢ്യവും എങ്ങനെയാണ് ഒരു രാഷ്ട്രനേതാവാക്കി മാറ്റിയെതെന്നതും ചിത്രം വ്യക്തമാക്കുന്നു.
രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം കെ.കെ. സെന്തിൽ കുമാർ, സംഗീതം രവി ബസ്രൂർ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക വിദഗ്ധർ. അതിനൂതന വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ജീവചരിത്ര സിനിമ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.