ദുബായ് :യുഎഇയിലെത്തിയ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിച്ച് കോൺസുൽ ജനറൽ സതീഷ് ശിവനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കെ.എം.സി.സി ദുബായ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. അൻവർ അമീൻ, കെഎംസിസി ഉപദേശക സമതി ചെയർമാൻ എ.പി.ശംസുദ്ധീൻ ബിൻ മുഹിയുദ്ദീൻ, എം.പി മുഹമ്മദ് റഷീദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.പ്രവാസികളുടെ വിവിധ മേഖലകളിലെ പ്രശ്നങ്ങളും അത് പരിഹരിക്കാനായി നടത്തുന്ന പരിശ്രമങ്ങളും വിശദമായി കോൺസുൽ ജനറലുമായി സമദാനി എംപി സംസാരിച്ചു. വിശേഷിച്ചും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും വേഗത്തിലാക്കുന്നതിനെക്കുറിച്ചും കോൺസുൽ ജനറലുമായി സംസാരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അടുത്തകാലത്ത് എടുത്ത നടപടികൾ കോൺസുൽ ജനറൽ സതീഷ് ശിവൻ വിശദീകരിച്ചു. സാമ്പത്തിക ഭാരം ചുരുക്കി എളുപ്പത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുത്തതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റും എടുത്ത നടപടികളെ ശ്ളാഘിച്ച സമദാനി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത ഉണ്ടാകേണ്ടതിനെപ്പറ്റിയും കോൺസുൽ ജനറലുമായി സംസാരിച്ചു.
ഇന്ത്യയും യു.എ.ഇ യും തമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരസ്പരബന്ധവും വലിയ പുരോഗതിയും ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന് എടുക്കുന്ന നടപടികളും ചർച്ചയിൽ വിഷയമായി. വിവിധ മേഖലകളിൽ വിഷമം നേരിടുന്ന അവശരായ പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കാനും ഊർജ്ജിതമായ ശ്രമങ്ങളാണ് നടക്കുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഒട്ടേറെ വികാസം പ്രാപിച്ചതായും കോൺസുൽ ജനറൽ പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിവിധ മേഖലകളിൽ വികാസപരമായ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ക്യാമ്പസ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത് കൗൺസിൽ ജനറൽ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ത്യൻ മാനേജ്മെൻ്റ് വിദ്യാഭ്യാസത്തിൻ്റെ മികച്ച കേന്ദ്രമായി അതിനെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.