അബൂദബി: അധികൃതരുടെ അനുമതി കൂടാതെ ആഘോഷ പ്രകടനങ്ങളോ പൊതുഒത്തുചേരലുകളോ നടത്തരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ്. എല്ലാ പരിപാടികളും ഔദ്യോഗിക മാർഗങ്ങളിലൂടെ അനുമതി നേടി മാത്രമേ സംഘടിപ്പിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സംവിധാനം സുഗമമായി നിലനിർത്തുന്നതിനുമാണ് ഈ നിർദേശം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, വാഹനങ്ങളിൽ അപകടകരമായ രീതിയിൽ പെരുമാറുന്നതിനെതിരെയും പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ ഡോറുകളിലൂടെയോ മേൽക്കൂരകളിലൂടെയോ ശരീരഭാഗങ്ങൾ പുറത്തേക്കിടുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.
നിയമങ്ങൾ പാലിച്ച് പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ സഹകരിക്കണമെന്ന് അബൂദബി പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








































