അബുദാബി:ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ‘സാദിയാത്ത് നൈറ്റ്സ്’ വീണ്ടും എത്തുന്നു. അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ ഡിസംബർ മുതൽ ഫെബ്രുവരി 2026 വരെ നീളുന്ന സംഗീതരാവുകൾക്ക് ഒരുക്കങ്ങൾ തുടങ്ങി. തുറസ്സായ വേദിയിൽ 5,000 പേരെ ഇരുത്താനാകുന്ന രീതിയിലാണ് ഒരുക്കങ്ങൾ. നഗരത്തിന്റെ സാംസ്കാരിക, കലാസൗഹൃദ ഭൂപടത്തിൽ വീണ്ടും പ്രധാനസ്ഥാനമുറപ്പിക്കാനാണ് ഈ മഹോത്സവം ലക്ഷ്യമിടുന്നത്.
പ്രശസ്ത ഇറ്റാലിയൻ പിയാനിസ്റ്റ് ലുഡോവിക്കോ ഐനാഡി ജനുവരി 10-ന് ആദ്യ പരിപാടി അവതരിപ്പിക്കും. സ്കോട്ടിഷ് ഗായകനും ഗാനരചയിതാവുമായ ലൂയിസ് കപാൽഡി ജനുവരി 17-ന് വേദിയിലെത്തും. കൂടുതൽ കലാകാരന്മാരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ സീസണുകളിൽ ജെന്നിഫർ ലോപ്പസ്, ക്രിസ്റ്റീന അഗ്വിലേറ, ലയണൽ റിച്ചി, ഗ്വെൻ സ്റ്റെഫാനി, റോബി വില്യംസ് തുടങ്ങിയ ലോകപ്രശസ്തർ സാദിയാത്ത് നൈറ്റ്സിന്റെ ഭാഗമായിരുന്നു.
ലൂവ്ർ അബുദാബി, ടീം ലാബ് ഫിനോമിന മ്യൂസിയം തുടങ്ങിയ കലാ-സാംസ്കാരിക കേന്ദ്രങ്ങൾക്കടുത്താണ് സാദിയാത്ത് നൈറ്റ്സിന്റെ വേദി. ഉടൻ തുറക്കാനിരിക്കുന്ന സായിദ് നാഷണൽ മ്യൂസിയവും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും ഈ പ്രദേശത്താണ്, സന്ദർശകർക്ക് സമഗ്രമായ ഒരു സാംസ്കാരിക അനുഭവം നൽകുന്ന വിധത്തിൽ. ലോകോത്തര കലാകാരന്മാരുടെ അവതരണങ്ങളും സമ്പന്നമായ സാംസ്കാരിക പശ്ചാത്തലവും ചേർന്ന് അബുദാബിയെ സംഗീതത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ഈ പരമ്പരയുടെ ലക്ഷ്യം.