അബുദാബി:യുഎഇയിൽ താപനില കുറയുന്നതിനിടെ ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വാഹനയാത്രക്കാർ സുരക്ഷിത അകലം പാലിക്കുകയും വേഗം കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അർധരാത്രിയും പുലർച്ചെയുമാണ് മൂടൽമഞ്ഞ് ഏറ്റവും കൂടുതൽ അനുഭവപ്പെടുക, ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടരുമെന്നും അറിയിച്ചു.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറയുമെന്ന് മുന്നറിയിപ്പുണ്ട്. കടലിൽ പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ പറഞ്ഞു.
അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ അവസരങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറയ്ക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഡിജിറ്റൽ ബോർഡുകൾ, എസ്എംഎസ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി ലഭ്യമാകും. അവ അവഗണിക്കാതെ പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു.
നിയമലംഘകർക്ക് കടുത്ത ശിക്ഷയും കാത്തിരിക്കുന്നു. വേഗം കുറയ്ക്കാതെയോ സുരക്ഷിത ലൈറ്റുകൾ ഉപയോഗിക്കാതെയോ വാഹനമോടിച്ചാൽ 1000 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഫോഗ് ലൈറ്റ് ഇടാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണെന്ന് അധികൃതർ വ്യക്തമാക്കി.