മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ വിശുദ്ധ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വയുടെ താഴ്ഭാഗം ഉയർത്തിക്കെട്ടി. ഇരുഹറം പരിപാലന അതോറിറ്റിയുടെ മേൽനോട്ടത്തിൽ 34 കരകൗശല വിദഗ്ധർ ചേർന്ന് ഏകദേശം രണ്ട് മണിക്കൂർ കൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
കിസ്‌വയുടെ താഴത്തെ ഭാഗം മൂന്ന് മീറ്ററോളം ഉയർത്തിയാണ് നിലവിൽ ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി അതീവ കൃത്യതയോടെയാണ് ഈ ദൗത്യം നിർവഹിച്ചത്. കിസ്‌വയുടെ താഴ്ഭാഗങ്ങൾ അഴിച്ചുമാറ്റി കോണുകൾ വേർതിരിക്കുകയും തുടർന്ന് നിശ്ചിത ഉയരത്തിൽ ഉറപ്പിച്ച ശേഷം വെളുത്ത പരുത്തി തുണി ഉപയോഗിച്ച് അത് മൂടുകയുമാണ് ചെയ്തത്.


ഹജ്ജ് സമയത്ത് മത്വാഫ് മേഖലയിലുണ്ടാകുന്ന വൻ തിരക്കിനിടയിൽ തീർഥാടകർ സ്പർശിക്കുന്നതിനാൽ കിസ്‌വയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് വർഷംതോറും ഈ നടപടി സ്വീകരിക്കുന്നത്.
ഇതോടൊപ്പം കഅ്ബയിലും പരിസര പ്രദേശങ്ങളായ ഹിജ്ർ ഇസ്മാഈൽ മേഖലകളിലും വാർഷിക അറ്റകുറ്റപ്പണികളും പൂർത്തിയായി. അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവൃത്തികൾ നടത്തിയത്. കഅ്ബയുടെ ഉൾഭാഗം, മേൽക്കൂര, പുറം ഘടനകൾ എന്നിവയുടെ സമഗ്ര പരിശോധനയും നടത്തി.
മാർബിൾ ജോയിന്റുകളിലെ വിടവുകൾ നികത്തുകയും കേടായ സിലിക്കൺ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. കൂടാതെ കഅ്ബയുടെ വാതിലിന്റെ വശം ഉൾപ്പെടെ ചുറ്റുമുള്ള മാർബിൾ തറകൾ പോളിഷ് ചെയ്ത് മിനുക്കുകയും ചെയ്തു.
തീർഥാടകരുടെ സഞ്ചാരത്തിന് തടസ്സമില്ലാത്ത രീതിയിലാണ് മത്വാഫ് മേഖലയിലെ എല്ലാ പ്രവൃത്തികളും ക്രമീകരിച്ചത്. സ്വദേശികളായ വിദഗ്ധരുടെ മേൽനോട്ടത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഹജ്ജ് സീസണിൽ തീർഥാടകർക്ക് സുരക്ഷിതവും ശുചിത്വപരവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.









































