ദുബായ്:യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് അധികാരികൾ കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികളുടെ ആരോഗ്യശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തലാബത്, നൂൺ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറികൾക്കാണ് പ്രധാന നിയന്ത്രണം.സ്കൂൾ കാന്റീനുകളിൽ മാത്രമേ ഭക്ഷണം ലഭ്യമാകൂ. കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, കാന്റീനിൽ നിന്നുതന്നെ ഭക്ഷണം എത്തിച്ചു നൽകും. രക്ഷിതാക്കൾക്ക് സ്കൂൾ റിസപ്ഷനിൽ ഭക്ഷണം ഏൽപ്പിക്കാനും സംവിധാനമുണ്ട്. ജിഇഎംഎസ് എജ്യുക്കേഷനും ജെഎസ്എസ് പ്രൈവറ്റ് സ്കൂളും ഇതുമായി ബന്ധപ്പെട്ട സർക്കുലറുകൾ പുറത്തിറക്കി.അബുദാബിയിലെ ചില സ്കൂളുകളിൽ കാഷ്‌ലെസ് പർച്ചേസ് സംവിധാനം ആരംഭിച്ചു. ഉയർന്ന പഞ്ചസാരയും കൊഴുപ്പും ഒഴിവാക്കി സമീകൃതാഹാരമുളള മെനു ഒരുക്കിയിട്ടുണ്ട്. സ്കൂൾ അധികൃതർ പ്രകാരം, ഈ നടപടി വിദ്യാർഥികളിൽ ഉത്തരവാദിത്തവും ആരോഗ്യബോധവുമുണ്ടാക്കും.