ആംഗ്യഭാഷാ പരിഭാഷകരും പ്രത്യേക ഹെഡ്സെറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്
ജിദ്ദ: മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും എത്തുന്ന മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനായി അത്യാധുനിക സേവന സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഇരുഹറം കാര്യാലയം അറിയിച്ചു.
തീർഥാടകരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഖുതുബകളും മതപ്രഭാഷണങ്ങളും എല്ലാവർക്കും മനസ്സിലാക്കാൻ ആംഗ്യഭാഷാ പരിഭാഷകരെ നിയോഗിച്ചിട്ടുണ്ട്. ശ്രവണ വൈകല്യമുള്ളവർക്ക് പ്രത്യേക ഹെഡ്‌സെറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിൻ ലിപിയിലുള്ള ഖുർആൻ പ്രതികളും, ഖുർആൻ പാരായണം എളുപ്പമാക്കുന്നതിനായി റീഡിംഗ് പെൻ സൗകര്യമുള്ള മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സുഗമമായ സഞ്ചാരത്തിനായി വൈറ്റ് സ്റ്റിക്ക്, വീൽചെയറുകൾ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങളും ലഭ്യമാണ്.
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം നിശ്ചയിച്ച പ്രാർത്ഥനാ സ്ഥലങ്ങളും മസ്ജിദുൽ ഹറാമിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് സേവനങ്ങളെ കൂടുതൽ സൗഹൃദപരവും സാങ്കേതികമായി മെച്ചപ്പെട്ടതുമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ.















































